‘റോങ് കോൾ’;സര്‍ഫറാസിനെ റണ്ണൗട്ടാക്കിയതിനു പിന്നാലെ ജഡേജയുടെ ക്ഷമാപണം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ റണ്ണൗട്ടിന് കാരണമായതിനു പിന്നാലെ ക്ഷമാപണവുമായി രവീന്ദ്ര ജഡേജ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ജഡേജ ക്ഷമ പറഞ്ഞത്.

രാജ്‌കോട്ടില്‍ നടന്ന ടെസ്റ്റിന്റെ ആദ്യ ദിനത്തിലായിരുന്നു സംഭവം. ഏറെക്കാലം കാത്തിരുന്ന് ലഭിച്ച അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് സര്‍ഫറാസ് പുറത്തെടുത്തത്. 48 പന്തില്‍ നിന്ന് 50 തികച്ച താരം ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കെതിരേ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്നു.

മറുതലയ്ക്കല്‍ ജഡേജ സെഞ്ചുറിക്ക് തൊട്ടരികിലും. 90 റണ്‍സ് പിന്നിട്ടപ്പോള്‍ തന്നെ ജഡേജ വലിയ തോതില്‍ സമ്മര്‍ദം അനുഭവിക്കുന്നപോലെ തോന്നിയിരുന്നു. സെഞ്ചുറിയിലേക്ക് അടുക്കും തോറും ഇത് കൂടിക്കൂടിവന്നു. 99 റണ്‍സില്‍ നില്‍ക്കേ ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്ത് മിഡ് ഓണിലേക്ക് കളിച്ച ജഡേജ, സര്‍ഫറാസിനെ റണ്ണിനായി വിളിച്ചു. പന്ത് പോയ ഭാഗത്തേക്ക് നോക്കാതെ സര്‍ഫറാസ് ഓടിത്തുടങ്ങിയപ്പോഴേക്കും ജഡേജ താരത്തെ തിരിച്ചയക്കുകയായിരുന്നു. സര്‍ഫറാസിന് തിരികെ ക്രീസില്‍ പ്രവേശിക്കാന്‍ സാധിക്കും മുമ്പ് മാര്‍ക്ക് വുഡിന്റെ ത്രോ വിക്കറ്റിളക്കിയിരുന്നു. ആദ്യ ദിവസത്തെ കളിയവസാനിക്കാന്‍ ഏതാനും ഓവറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഈ റണ്ണൗട്ട്. 66 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സുമടക്കം 62 റണ്‍സായിരുന്നു സര്‍ഫറാസിന്റെ സമ്പാദ്യം.

പിന്നാലെ സെഞ്ചുറി തികച്ചെങ്കിലും സര്‍ഫറാസിന്റെ റണ്ണൗട്ടിന് കാരണമായതോടെ സോഷ്യല്‍ മീഡിയയില്‍ ജഡേജയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് തന്റെ തെറ്റായ വിളിയാണ് കാരണമെന്ന് സമ്മതിച്ച് ജഡേജ രംഗത്തെത്തിയത്.

എന്നാല്‍ സംഭവത്തിനു പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സകല നിയന്ത്രണവും നഷ്ടപ്പെട്ട് പൊട്ടിത്തെറിച്ചിരുന്നു. റണ്ണൗട്ടിനു പിന്നാലെ അണിഞ്ഞിരുന്ന തൊപ്പി വലിച്ചെറിഞ്ഞാണ് രോഹിത് രോഷം പ്രകടിപ്പിച്ചത്.

Top