ധോണിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ജഡേജ

മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ ക്വാറന്റീന് ശേഷം രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനൊപ്പം ചേര്‍ന്നു. പരിശീലനം തുടങ്ങിയ ജഡേജ ധോണിക്കൊപ്പമുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ധോണിയെ ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്ന ആവേശമാണെന്ന വിശേഷണത്തോടെയാണ് ജഡേജ ചിത്രങ്ങള്‍ പങ്കുവച്ചത്.

ടീം ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ജനുവരിയില്‍ കൈവിരലിന് പരിക്കേറ്റ ജഡേജ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫീല്‍ഡില്‍ തിരിച്ചെത്തിയിരിക്കുന്നത്. കൈവിരലിലെ പരിക്കിനെ തുടര്‍ന്ന് ജഡേജ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് താരത്തിന് ടീമിനൊപ്പം ചേരാന്‍ ബിസിസിഐ അനുമതി നല്‍കിയത്. സിഎസ്‌കെ ക്യാമ്പില്‍ ചേരും മുമ്പുതന്നെ ജഡേജ ബാറ്റിംഗിലും ബൗളിംഗിലും പരിശീലനം ആരംഭിച്ചിരുന്നു.

ഐപിഎല്‍ പതിനാലാം സീസണിന് ഏപ്രില്‍ ഒന്‍പതിന് മുംബൈയില്‍ തുടക്കമാകും. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. തൊട്ടടുത്ത ദിവസം ഡല്‍ഹി കാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരുടെ ആദ്യ മത്സരം കളിക്കും.

 

Top