അര്‍ധ സെഞ്ച്വറിയും അഞ്ച് വിക്കറ്റും; റെക്കോര്‍ഡ് നേട്ടം; കപില്‍ ദേവിനെ മറികടന്ന് ജഡേജ

നാഗ്പുർ: തിരിച്ചു വരവ് എന്നാണ് ഇതാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യ ജേഴ്‌സിയിൽ കളിക്കാനിറങ്ങിയതിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ജൂലൈയിൽ ടെസ്റ്റ് കളിച്ച ശേഷം പിന്നീട് ഇന്ത്യക്കായി ടെസ്റ്റിലും ജഡേജ കളിച്ചിട്ടില്ല. പരിക്കാണ് നീണ്ട ഇടവേളയിലേക്ക് താരത്തെ തള്ളിയിട്ടത്.

രഞ്ജി കളിച്ച് മിന്നും ഫോമിൽ നിറഞ്ഞാടി ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന്റെ അന്തിമ ഇലവനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജഡേജ അവസരം ശരിക്കും മുതലാക്കി. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും താരം ഇന്ത്യയുടെ തകർപ്പൻ ജയത്തിൽ നിർണായകമായി. ഒന്നാം ഇന്നിങ്‌സിൽ അഞ്ചും രണ്ടാം ഇന്നിങ്‌സിൽ രണ്ടും വിക്കറ്റെടുത്ത ജഡേജ നിർണായക സമയത്ത് ബാറ്റിങിലൂടെ ഇന്ത്യൻ ഇന്നിങ്‌സിനെ കരുത്തോടെ നിർത്തുകയും ചെയ്തു. 70 റൺസ് അടിച്ചെടുത്താണ് താരം കളം വിട്ടത്.

ഇരട്ട മികവിന് പിന്നാലെ ഒരു റെക്കോർഡും താരം സ്വന്തമാക്കി. ഇതിഹാസ താരവും മുൻ നായകനുമായ കപിൽ ദേവിന്റെ ഏറെക്കാലമായി തകരാതെ നിന്ന റെക്കോർഡാണ് ജഡേജ പഴങ്കഥയാക്കിയത്.

ഒരു ടെസ്റ്റ് പോരാട്ടത്തിൽ അർധ സെഞ്ച്വറിയും അഞ്ചോ അതിലധികമോ വിക്കറ്റും വീഴ്ത്തിയാണ് താരം റെക്കോർഡ് സ്വന്തമാക്കിയത്. ഇത് അഞ്ചാം തവണയാണ് ഇത്തരത്തിൽ ഇരട്ട നേട്ടം താരം സ്വന്തമാക്കുന്നത്. അഞ്ച് തവണ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന പെരുമയാണ് ജഡേജ ഒപ്പം ചേർത്തത്. കപിൽ ദേവ് ഈ നേട്ടം നാല് തവണ സ്വന്തമാക്കിയിരുന്നു.

ഓസീസിനെതിരായ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഈ റെക്കോർഡിനൊപ്പമായിരുന്നു ജഡേജ. ആദ്യ ടെസ്റ്റിൽ ബാറ്റിങിലും ബൗളിങിലും തിളങ്ങി താരം റെക്കോർഡ് സ്വന്തം പേരിക്ക് മാറ്റി.

Top