ജാദവ്പുര്‍ സര്‍വകലാശാല തിരഞ്ഞെടുപ്പ്; വിജയ കൊടി പാറിച്ച് എസ്.എഫ്.ഐ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജാദവ്പുര്‍ സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ ഇടത് അനുകൂല വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വിജയം. ആര്‍ട്സ്, സയന്‍സ്, എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി എന്നീ വിഭാഗങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി വിഭാഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍, സെന്‍ട്രല്‍ പാനലിലേക്കുള്ള അഞ്ചു സീറ്റുകളിലും ഇടത് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ ഡി.എസ്.എഫ്.(ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന്‍) വിജയിച്ചു.

ആര്‍ട്സ് വിഭാഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാര്‍ക്‌സിസ്റ്റ് (സിപിഐ-എം) യുടെ വിദ്യാര്‍ത്ഥി സംഘടനായായ എസ്.എഫ്.ഐ. വിജയിച്ചു. എസ്എഫ്ഐ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷനുമായുള്ള കടുത്ത പോരാട്ടത്തിന് ശേഷം ആര്‍ട്‌സ് ഫാക്കല്‍റ്റിയിലെ എല്ലാ സീറ്റുകളും എസ്.എഫ്.ഐ. നിലനിര്‍ത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ തൃണമൂല്‍ ഛാത്ര് പരിഷത്ത് മത്സര രംഗത്തുണ്ടായിരുന്നെങ്കിലും ദയനീയമായിരുന്നു പ്രകടനം.

എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി വിഭാഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍, എ.ബി.വി.പി. രണ്ടാംസ്ഥാനത്തെത്തി. എസ്.എഫ്.ഐക്ക് മൂന്നാംസ്ഥാനത്തെത്താനെ സാധിച്ചുള്ളൂ. ജാദവ്പുര്‍ സര്‍വകലാശാലയുടെ 65 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി) വിദ്യാര്‍ത്ഥികളുടെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

സയന്‍സ് വിഭാഗത്തില്‍ വി ദ ഇന്‍ഡിപെന്‍ഡന്‍സ്(ഡബ്ള്യൂ.ടി.ഐ.) നാല് ഭാരവാഹിസ്ഥാനങ്ങളും നേടി.

Top