Jadavpur university, a hub for anti national elements, says BJP

കൊല്‍ക്കത്ത: സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കുന്ന ജാദവ്പൂര്‍ സര്‍വകലാശാല ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമെന്ന് ബിജെപി.

ഇടതു സംഘടനകളാണ് ഇത്തരക്കാരെ വളര്‍ത്തുന്നതെന്നും സിപിഐഎമ്മും വൈസ് ചാന്‍സലറും ഇവരെ പിന്തുണയ്ക്കുകയാണെന്നും പശ്ചിമ ബംഗാളിലെ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമയാണ് ഇടത് സംഘടനാ നേതാക്കള്‍ തടഞ്ഞത്. ഇത് നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്.

വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബന്ധപ്പെട്ടവരെ സമീപിക്കുമെന്നും ഘോഷ് പറഞ്ഞു.

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത രാഷ്ട്രീയ സിനിമ ‘ബുദ്ധ ഇന്‍ എ ട്രാഫിക് ജാം’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്.

വിഭാഗീയത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇടത് സംഘടനകള്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞിരുന്നു. ഇത് മറികടന്ന് എബിവിപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സിനിമാ പ്രദര്‍ശനം നടന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയ നാല് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Top