jacobthomas-vigilance-court

തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കാന്‍ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചത് വിജിലന്‍സ് കോടതി ഉത്തരവു മുന്നില്‍ കണ്ട്.

തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസിന്റെ കാലത്ത് നടന്ന ക്രമക്കേടുകള്‍ സംബന്ധമായി നടപടി സ്വീകരിക്കണമെന്ന ധനകാര്യ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ചില കേന്ദ്രങ്ങള്‍ വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

യാഥാര്‍ത്ഥ്യം എന്ത് തന്നെയായാലും ധനകാര്യവകുപ്പിന്റെ റിപ്പോര്‍ട്ട് ജേക്കബ് തോമസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതായതിനാല്‍ സ്വാഭാവികമായും ഇതു സംബന്ധമായ ഹര്‍ജി വന്നാല്‍ കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടും എന്ന കാര്യം ഉറപ്പായിരുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ ജേക്കബ് തോമസ് തല്‍സ്ഥാനത്ത് തുടര്‍ന്നുകൊണ്ടുള്ള അന്വേഷണം ചോദ്യം ചെയ്യപ്പെടുമെന്നതും യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല കോടതി തന്നെ ജേക്കബ് തോമസിനെ മാറ്റി നിര്‍ത്തി അന്വേഷിക്കാന്‍ ഉത്തരവിടാനും സാധ്യതയുണ്ട്.

ഈ കാര്യങ്ങളെല്ലാം മുന്നില്‍ കണ്ടാണ് സ്വയം ഒഴിവാകുക എന്ന മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ ജേക്കബ് തോമസ് തയ്യാറായതെന്നാണ് സൂചന.

വ്യക്തിപരമായ കാരണത്താല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാണ് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി നളിനി നെറ്റോയ്ക്ക് നല്‍കിയ കത്തില്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസഭാ യോഗം ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കും.

ക്ലീന്‍ ഇമേജുള്ള ജേക്കബ് തോമസിനെ ഒഴിവാക്കാന്‍ വ്യക്തിപരമായി മുഖ്യമന്ത്രി പിണറായി വിജയന് താല്‍പ്പര്യമില്ല എന്നാണ് സൂചന.
മന്ത്രിസഭാ യോഗത്തിന് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജേക്കബ് തോമസുമായി സംസാരിക്കുമെന്നാണ് സൂചന.

അതേ സമയം രാജിയില്‍ ഉറച്ചു നില്‍ക്കുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണെന്നാണ് ജേക്കബ് തോമസ് പ്രതികരിച്ചത്.

ഇന്നലത്തെ സത്യം ഇന്നത്തെ സത്യമാകണമെന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.

Top