jacobthomas is right

ന്റെ രക്തത്തിന് ദാഹിക്കുന്നവരുടെ മുന്നില്‍ മുട്ട് മടക്കാതെ അന്തസ്സോടെ തല ഉയര്‍ത്തി പടിയിറങ്ങാനുള്ള വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തീരുമാനം അന്തസുറ്റതാണ്.

ഒരുപക്ഷേ, കേരളത്തിലെ മറ്റൊരു ഉദ്യോഗസ്ഥനും കാണിക്കാത്ത ആര്‍ജ്ജവമാണിത്. ആരുടെ കാലു പിടിച്ചായാലും സ്വന്തം ഇരിപ്പിടം ഭദ്രമാക്കുക എന്ന് ചിന്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യത്യസ്തനായ ഒരു ഒറ്റയാനാണ് ജേക്കബ് തോമസ്.

ഒരു പദവിയും അദ്ദേഹത്തിന്റെ നീണ്ട സര്‍വ്വീസിനിടയില്‍ ഇതുവരെ ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പൊലീസ് യൂണിഫോമില്‍ കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കുറച്ച് നാള്‍ മാത്രം ജോലി ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥനും ജേക്കബ് തോമസായിരിക്കും

എറണാകുളം റെയ്ഞ്ച് ഡിഐജി ആയിരിക്കെ ജേക്കബ് തോമസിന്റെ അധികാര പരിധിയില്‍പ്പെട്ട ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ സ്വന്തം പിതാവ് പലര്‍ക്കുമായി ശുപാര്‍ശയുമായി പോകാറുണ്ടെന്ന് അറിഞ്ഞ് എസ്‌ഐയെ വിളിച്ച് സഹായിക്കേണ്ടതില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനാണിതെന്ന് ഓര്‍ക്കണം.

‘പിതാവ് വന്നാല്‍ നല്ല ബഹുമാനം കൊടുക്കണം. പക്ഷേ കാര്യങ്ങളൊന്നും നിയമം വിട്ട് ചെയ്ത് കൊടുക്കരുത്. ‘ എന്നായിരുന്നു എസ്‌ഐയോടുള്ള ഉപദേശം. ഇങ്ങനെ രണ്ട് തവണ പെരുമാറിയാല്‍ പിന്നെ അദ്ദേഹം ആ വഴിക്ക് വരില്ലന്നായിരുന്നു മകന്റെ പ്രതീക്ഷ.

സാധാരണക്കാരുമായി ഇടപെടുന്ന ജേക്കബ് തോമസിന്റെ പിതാവിനെ സമീപ വാസികളും സുഹൃത്തുകളുമെല്ലാം പല കാര്യങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകാറുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിതമായി ഇന്‍സ്‌പെക്ഷന്‍ വെച്ച് ഡിഐജി വിശദാംശങ്ങള്‍ തേടിയിരുന്നത്.

അന്ന് ഈരാറ്റുപേട്ട പൊലീസ് സ്‌റ്റേഷന്റെ രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്വന്തം വീട്ടില്‍ പോലും കയറാതെയാണ് ജേക്കബ് തോമസ് എറണാകുളത്തെ ക്യമ്പ് ഓഫീസിലേക്ക് തിരിച്ചിരുന്നത്. മറ്റ് ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരില്‍ നിന്ന് ജേക്കബ് തോമസിനെ വ്യത്യസ്തനാക്കുന്നതിന് ഒരു ഉദാഹരണമാണിത്.

സംസ്ഥാനത്ത് ഇന്നുവരെ എത്ര വിജിലന്‍സ് ഡയറക്ടര്‍മാര്‍ ഉണ്ടായിട്ടുണ്ട് ? എത്ര പേര്‍ക്ക് അവരുടെ പേര് അറിയാം? എന്നാല്‍ ജേക്കബ് തോമസിനെ അറിയാത്ത ഒരു വ്യക്തി പോലും ഇന്ന് കേരളത്തില്‍ ഉണ്ടാവില്ല.

അഴിമതിക്കെതിരായ തുറന്ന യുദ്ധവും കര്‍ക്കശ നടപടിയും കൊച്ചു കുട്ടികളുടെ പോലും ആരാധനാ പാത്രമായി ഈ ഐ.പി.എസുകാരനെ ഇതിനകം മാറ്റിയിട്ടുണ്ട്.

കൈക്കൂലി വാങ്ങുന്നവരും ഇടനിലക്കാരും പിന്‍വാതില്‍ നിയമനം തരപ്പെടുത്തിയവരും സര്‍ക്കാര്‍ പദ്ധതികളില്‍ അഴിതി കാട്ടിയവരുമെല്ലാം ഒരു ഉദ്യോഗസ്ഥന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ മുട്ടിടിക്കുന്നത് കേരളത്തെ സംബന്ധിച്ച് പുതിയ കാഴ്ചയാണ്.

അഴിമതിക്കെതിരെ പ്രതികരിക്കുന്ന മനസ്സുകളില്‍ ആവേശം പടര്‍ത്തിയ ജേക്കബ് തോമസ് പടിയിറങ്ങാന്‍ ഒരുങ്ങുന്നത് എന്തായാലും നല്ല വാര്‍ത്തയല്ല.

ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് തന്നെയാണ് സി.പി.എം നേതൃത്വം പോലും ജേക്കബ് തോമസ് തുടരണമെന്ന ആവശ്യം ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായിയെ സംബന്ധിച്ചും അദ്ദേഹം ഈ തസ്തികയില്‍ തുടരണമെന്ന അഭിപ്രായക്കാരനാണ്. അത് കേരളത്തിന്റെ പൊതു വികാരമാണ്.

ജേക്കബ് തോമസിന് എതിരായ ധനകാര്യ റിപ്പോര്‍ട്ടിന്‍മേല്‍ മാത്രമല്ല പ്രസ്തുത റിപ്പോര്‍ട്ട് വരാനിടയായ സാഹചര്യത്തെക്കുറിച്ചും അതിലെ കണ്ടെത്തലുകളുടെ നിജസ്ഥിതികളെക്കുറിച്ചും വിജിലന്‍സിനു പുറമെയുള്ള ഒരു സംവിധാനത്തെകൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിട്ട് ജേക്കബ് തോമസിനെ തലസ്ഥാനത്ത് തുടരാനനുവദിക്കണമെന്ന ആവശ്യം പൊതു സമൂഹത്തില്‍ നിന്നും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

അതെല്ലങ്കില്‍ അദ്ദേഹത്തിന് എതിരായ ആരോപണങ്ങളുടെ നിജസ്ഥിതി പെട്ടന്ന് തന്നെ പരിശോധിച്ച് യാഥാര്‍ത്ഥ്യം കണ്ടെത്തുകയും അതിന് ശേഷം അദ്ദേഹത്തെ തലസ്ഥാനത്ത് തുടരാന്‍ അവസരമൊരുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്‌.

അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒഴികെ ആരും ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ സന്തോഷിക്കില്ല. അഴിമതിക്കെതിരായ ജനങ്ങളുടേയും സര്‍ക്കാരിന്റെയും കുന്തമുനയാണ് ഇപ്പോള്‍ തൃശങ്കുവില്‍ നില്‍ക്കുന്നത്.

തുറമുഖ വകുപ്പില്‍ ജേക്കബ് തോമസ് പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ നടന്ന ക്രമക്കേടുകളില്‍ അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവര്‍ക്ക് പോലും ഒരു രൂപയുടെ നേട്ടം ജേക്കബ് തോമസ് ഉണ്ടാക്കിയതായി ചൂണ്ടിക്കാട്ടാന്‍ ഇതുവരെ പറ്റിയിട്ടില്ലന്നോര്‍ക്കണം.

യു.ഡി.എഫ് സര്‍ക്കാരില്‍ പ്രമുഖനായിരുന്ന ധനകാര്യ മന്ത്രി കെ.എം. മാണിക്കെതിരെയും കെ.ബാബുവിനെതിരെയുമെല്ലാം വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറായിരിക്കെ തന്നെ കര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ ധൈര്യം കാട്ടിയ ജേക്കബ് തോമസിനോട് യു.ഡി.എഫ് സര്‍ക്കാര്‍ കാണിച്ച പക പോക്കല്‍ കേരളം കണ്ടതാണ്.

സര്‍വ്വീസില്‍ നിന്ന് തന്നെ അദ്ദേഹത്തെ പുകച്ച് പുറത്തു ചാടിക്കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ ശ്രമിച്ചു.
സ്വയം വിരമിക്കാന്‍ ജേക്കബ് തോമസ് പോലും തീരുമാനിച്ച അസാധാരണ നടപടി ഒഴിവായത് ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നുമാത്രമാണ്.

തനിക്ക് ഏതെങ്കിലും തസ്തിക വേണമെന്ന് ഒരു ഇടത് നേതാവിനോടും ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടല്ല അദ്ദേഹത്തിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. അത് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം താല്‍പ്പര്യപ്രകാരം മാത്രമായിരുന്നു.

അഴിമതിക്കെതിരെ പോരാട്ടം നടത്തിയതിന്റെ ഭാഗമായി അധികാരത്തില്‍വന്ന ഒരു സര്‍ക്കാരിന് മുന്നില്‍ ജേക്കബ് തോമസല്ലാതെ വിജിലന്‍സ് തലപ്പത്ത് പ്രതിഷ്ഠിക്കാന്‍ മറ്റൊരാള്‍ ഇല്ലെന്നതായിരുന്നു യാഥാര്‍ത്ഥ്യം.

റിയാബ് സെക്രട്ടറിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ. പത്മകുമാറിനെ അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി കേരളത്തിലെ ഉദ്യോഗസ്ഥ ലോബികളെ ഞെട്ടിച്ച അസാധാരണ നടപടിയായിരുന്നു. അഴിമതി കേസില്‍ മുന്‍ഗാമികളുടെ വഴിയല്ല തന്റേതെന്ന ജേക്കബ് തോമസിന്റെ വ്യക്തമായ സന്ദേശം.

വിജിലന്‍സിന് പോലീസ് സ്റ്റേഷന്‍ മാതൃകയില്‍ ലോക്കപ്പുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കുക കൂടി ചെയ്തത് ഉദ്യോഗസ്ഥരെ മാത്രമല്ല അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും ഭീതിയിലാഴ്ത്താന്‍ കാരണമായി.

ബാര്‍ കോഴ കേസില്‍ മന്ത്രി കെ.ബാബുവിനെതിരായ നടപടികള്‍ ശക്തമാക്കിയതും യു.ഡി.എഫ് സര്‍ക്കാരിലെ മിക്ക മന്ത്രിമാരും വിജിലന്‍സ് അന്വേഷണം നേരിടുന്ന സാഹചര്യവുമെല്ലാം ജേക്കബ് തോമസിനെതിരായ നീക്കങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു.

എന്നാല്‍ തങ്ങളുടെ സര്‍ക്കാരുമായി ‘ഇടഞ്ഞ്’ നിന്നിരുന്ന ജേക്കബ് തോമസിനെ കുരുക്കാന്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടറുടെ മേല്‍ നോട്ടത്തില്‍ ഒരു കോണ്‍ഫിഡന്‍ഷ്യല്‍ എന്‍ക്വയറിയും രണ്ട് ത്വരിതാന്വേഷണങ്ങളും നടത്തിയെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്താനായില്ലെന്ന യാഥാര്‍ത്ഥ്യം ജേക്കബ് തോമസിനെ ‘കുരിശിലേറ്റാന്‍’ ഇപ്പോള്‍ മത്സരിക്കുന്നവര്‍ സൗകര്യപൂര്‍വ്വം മറക്കുകയാണ്.

പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി മൂന്ന് അന്വേഷണങ്ങളും അവസാനിപ്പിച്ചിടത്ത് നിന്നാണ് ധനകാര്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ ‘ബല’ ത്തില്‍ വീണ്ടും നാണംകെട്ട പകപോക്കലുമായി ഒരു വിഭാഗം ഐ.എ.എസുകാരെയും കൂട്ടുപിടിച്ച് ചില രാഷ്ട്രീയ മേലാളന്‍മാര്‍ ഇറങ്ങിയിരിക്കുന്നത്.

ജേക്കബ് തോമസിന്റെ ‘രക്തംകൊണ്ട്’ തങ്ങള്‍ ചെയ്ത അഴിമതികറ തുടച്ച് നീക്കാം എന്നാണ് ആ വിഡ്ഡികള്‍ കരുതുന്നത്. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നല്ലാതെ എന്തു പറയാന്‍…

Team Express Kerala

Top