മത്സരിക്കാന്‍ കച്ചകെട്ടിയ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍

ചാലക്കുടിയില്‍ കിഴക്കമ്പലം ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ശ്രമം നടത്തിയ സീനിയര്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ പുസ്തകമെഴുതിയ കുറ്റം ചാര്‍ത്തി കേസെടുക്കാന്‍ സര്‍ക്കാര്‍ നീക്കം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വയംവിരമിക്കാന്‍ ജേക്കബ് തോമസ് നല്‍കിയ ആപേക്ഷയില്‍ സര്‍ക്കാര്‍ നടപടി വൈകിച്ചതോടെ മത്സരിക്കാനുള്ള അവസരം നഷ്ടമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ കുരുക്കുമുറുക്കിയത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ രണ്ടു പുസ്തകം രചിച്ചതിന്റെ പേരിലും മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിനുമാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’, ‘കാര്യവും കാരണവും’ എന്നീ പുസ്തകങ്ങളാണ് സര്‍ക്കാരിന്റെ അനുമതി തേടാതെ ജേക്കബ് തോമസ് പ്രസിദ്ധീകരിച്ചത്. രണ്ടു പുസ്തകങ്ങളിലും സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളുമുണ്ട്.

മന്ത്രി ഇ.പി ജയരാജനെതിരെ ബന്ധുനിയമനക്കേസ് നിലനില്‍ക്കുമെന്നും പാറ്റൂര്‍ ഭൂമി ഇടപാടില്‍ ചട്ടവിരുദ്ധമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടുവെന്നും പുസ്തകത്തില്‍ പറയുന്നു. ജേക്കബ് തോമസ് അനുമതിയില്ലാതെയാണ് പുസ്തകമെഴുതിയതെന്ന് കേന്ദ്ര സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.

പൊലീസ് സേന (അവകാശ നിയന്ത്രണം) നിയമം അനുസരിച്ച് പൊലീസ് സേനാംഗത്തിന് ബന്ധപ്പെട്ട അധികാരിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കാനോ പുസ്തകങ്ങളും കത്തുകളും പ്രസിദ്ധീകരിക്കാനോ അധികാരമില്ല. ഇതു രണ്ടും ജോക്കബ് തോമസ് ലംഘിച്ചുവെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. കുറ്റം തെളിഞ്ഞാല്‍ രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്.

വിജിലന്‍സ് ഡയറക്ടറെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ്ബുക്കിലായിരുന്നു നേരത്തെ ജേക്കബ് തോമസ്. ബാര്‍കോഴക്കേസില്‍ കെ.എം മാണിയെയും കെ. ബാബുവിനെയും കുരുക്കിയും പാറ്റൂര്‍ക്കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ ചോദ്യം ചെയ്തും അഴിമതിക്കെതിരെ പോരാടുന്ന ഉദ്യോഗസ്ഥനെന്ന പ്രതിഛായയാണ് ഉയര്‍ത്തിയത്.

ഒടുവില്‍ പിണറായിയുടെ ഓഫീസുമായി ഇടഞ്ഞതോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റപ്പെട്ടത്. മൂന്നു തവണയാണ് ജേക്കബ് തോമസ് സസ്പെന്‍ഷനിലായത്.

കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മാസം മുതല്‍ സസ്പെന്‍ഷനിലാണ്. 1985 ബാച്ചുകാരനായ ഇദ്ദേഹത്തിന് ഇനിയും ഒന്നര വര്‍ഷത്തോളം സര്‍വിസ് ബാക്കിയുണ്ട്.

ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്പെന്‍ഷന്‍. സംസ്ഥാന സര്‍ക്കാരിനെ പുസ്തകത്തിലൂടെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച് ആറ് മാസത്തിന് ശേഷം വീണ്ടും സസ്പെന്‍ഡ് ചെയ്തു.

തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയെന്ന അന്വേഷണത്തെതുടര്‍ന്ന് മൂന്നാമതും സസ്പെന്‍ഷനിലായി. സര്‍ക്കാരിന്റെ സസ്പെന്‍ഷന്‍ പ്രതികാരത്തിനെതിരെ രാജിവെച്ച് കിഴക്കമ്പലത്തെ കിറ്റക്സ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ട്വന്റി ട്വന്റി കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ജേക്കബ് തോമസ് ശ്രമിച്ചത്. എന്നാല്‍ സ്വയം വിരമിക്കല്‍ അപേക്ഷയില്‍ നടപടി വൈകിപ്പിച്ച് സര്‍ക്കാര്‍ ഈ ഭീഷണി തകര്‍ക്കുകയായിരുന്നു.

Top