ആര്‍.എസ്.എസ് ആണ് യഥാര്‍ത്ഥ ‘ബുദ്ധിജീവികള്‍’ പുകുഴ്ത്തി ജേക്കബ് തോമസ്

തിരുവനന്തപുരം: ആര്‍.എസ്.എസിനെ പുകഴ്ത്തി ജേക്കബ് തോമസ്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ആര്‍.എസ്.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ആര്‍.എസ്.എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ അല്ല. അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിനെ അറിയാന്‍ ശ്രമിച്ചാല്‍ കേരളത്തിലെ എല്ലാ ബുദ്ധി ജീവികളും കൂടെ ചേരുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ആര്‍.എസ്.എസിന്റെ പേരില്‍ തന്നെ സന്നദ്ധ സേവനമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിലൂന്നിയ വിദ്യാഭ്യാസവും പഴയകാലത്തെ മൂല്യങ്ങളും ലളിത ജീവിതവും പുതുതലമുറയെ പഠിപ്പിക്കുന്ന സംഘടനയാണത്. ഭാരത സംസ്‌കാരത്തെ പഠിപ്പിക്കുന്ന അത് പ്രചരിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂടെ ചേരുന്നത് തെറ്റായി കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിനെക്കുറിച്ച് പഠിക്കാതെ, മനസിലാക്കാതെ ആ സംഘടന ശരിയല്ല എന്ന് പറയരുത്. നന്നായി അറിഞ്ഞ് കഴിഞ്ഞാല്‍ കേരളത്തിലെ ബുദ്ധി ജീവികള്‍ ആര്‍.എസ്.എസില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇനി ജോലിയില്‍ പ്രവേശിക്കണമോ, വി.ആര്‍.എസ് അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതില്‍ വിശദമായ വാദം കേട്ട ശേഷമാണ് ട്രിബ്യൂണല്‍ അനുകൂലമായ ഉത്തരവിട്ടിരിക്കുന്നത്.

Top