jacob thomas reply – vm sudheeran -k babu’s case

കൊച്ചി : ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ രാഷ്ട്രീയമായി പകപോക്കുകയാണെന്ന കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടും അനധികൃത സ്വത്തുസമ്പാദനക്കേസുകളിലും കെ.ബാബുവിനെതിരെയുളള തെളിവുകള്‍ കൃത്യസമയത്ത് കോടതിയില്‍ ഹാജരാക്കുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച തെളിവുകളും വിവരങ്ങളും മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം വിജിലന്‍സിനില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

ബാബുവിനെതിരായ അന്വേഷണം സുതാര്യമാണ്. ആരുടെയും ഇടപെടല്‍ ഇല്ല. വ്യക്തമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതും ഇപ്പോള്‍ മുന്നോട്ട് പോകുന്നതും.

ഇതുവരെ നടത്തിയ അന്വേഷണത്തില്‍ മതിയായ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞെന്നും അവയുടെ പരിശോധനകള്‍ പൂര്‍ത്തിയായെന്നും ജേക്കബ് തോമസ് പറഞ്ഞു.

മൂന്നുമാസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതി. അപ്പോള്‍ ബോധ്യമാകും ബാബുവിനെതിരെ തെളിവുണ്ടോ എന്ന്.

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ വിജിലന്‍സിന് എതിരെ ഇനിയും ധാരാളം ആരോപണങ്ങള്‍ ഉയര്‍ന്നേക്കാം. ഇതിനൊന്നും മറുപടി നല്‍കേണ്ട ബാധ്യത വിജിലന്‍സിനില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് സുധീരന്‍ ഇന്നലെ ആരോപിച്ചിരുന്നു.

കേസില്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന തെളിവുകളൊന്നും കൊണ്ടുവരാന്‍ സര്‍ക്കാരിനോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ സാധിച്ചില്ലെന്നും സുധീരന്‍ പറഞ്ഞിരുന്നു. ഇതിനാണ് മറുപടിയുമായി ജേക്കബ് തോമസ് രംഗത്തെത്തിയത്.

Top