ജേക്കബ് തോമസ് തിരികെ സര്‍വീസിലേക്ക് ; തിരിച്ചെടുക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ

തിരുവനന്തപുരം : സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ആഭ്യന്തര വകുപ്പാണ് ശുപാര്‍ശ നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ജേക്കബ് തോമസിനെ സര്‍വീസില്‍ തിരികെ എടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചീഫ് സെക്രട്ടറിക്കു കൈമാറിയ ഫയലില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. ട്രിബ്യൂണലിന്റെ തീരുമാനമുണ്ടായിട്ടും സംസ്ഥാനം അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്നു ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം ചോദിച്ചതിനു പിന്നാലെയാണ് തിരിച്ചെടുക്കാമെന്നുള്ള ആഭ്യന്തര വകുപ്പിന്റെ ഫയല്‍.

മൂന്നുമാസം മുന്‍കൂര്‍ നോട്ടിസ് നല്‍കണമെന്ന കാലപരിധി പാലിക്കാത്തതിനാല്‍ സ്വയം വിരമിക്കല്‍ അപേക്ഷ അനുവദിക്കാനാവില്ലെന്നു കേന്ദ്രം സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. വി.ആര്‍.എസ് നല്‍കാനാവില്ലെന്നായിരുന്നു സംസ്ഥാനത്തിന്റേയും നിലപാട്.

2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്.

Top