‘അഴിമതി മൂടിവച്ചാലല്ലേ, നാട് അഴിമതിരഹിതമാവൂ’ ; സര്‍ക്കാറിനെതിരെ വീണ്ടും ജേക്കബ് തോമസ്

തിരുവനന്തപുരം: സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍നിന്ന് ഉത്തരവ് വന്നതിന് പിന്നാലെ സര്‍ക്കാറിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് ജേക്കബ് തോമസ്. ‘അഴിമതി മൂടിവച്ചാലല്ലേ, നാട് അഴിമതി രഹിതമാകൂ’ എന്ന കുറിപ്പോടെ, മാധ്യമ വാര്‍ത്തയെ ഉദ്ധരിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. വൈറ്റില മേല്‍പ്പാലം സംബന്ധിച്ച വാര്‍ത്തയും കുറിപ്പുമാണ് ജേക്കബ് തോമസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

കേന്ദ്രസര്‍വീസിലെ ഉദ്യോഗസ്ഥനെ മതിയായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെ ഇത്രയും നാള്‍ സസ്പെന്‍ഡ് ചെയ്തത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ട്രൈബ്യൂണലിന്റെ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

അടിയന്തരമായി സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നും യോഗ്യതക്ക് തുല്യമായ പദവി നല്‍കണമെന്നുമാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

അഴിമതിക്കെതിരെ ശബ്ദിച്ചതിനാണ് തന്നെ സര്‍വീസില്‍ നിന്നും പുറത്താക്കിയതെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് ട്രൈബ്യൂണലിന് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു.

Top