ജേക്കബ് തോമസ് ട്വന്റി20 മുന്നണിയുടെ സ്ഥാനാര്‍ത്ഥി; ചാലക്കുടിയില്‍ മത്സരിക്കും

ചാലക്കുടി: ഡിജിപി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും. ചാലക്കുടി ട്വന്റി20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് ജേക്കബ് തോമസ് മത്സരിക്കുന്നത്. എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വന്റി20 കൂട്ടായ്മയാണ്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനായി ഐപിഎസില്‍ നിന്നും ഉടന്‍ രാജിവെക്കുമെന്നാണ് ജേക്കബ് തോമസ് അറിയിച്ചിരിക്കുന്നത്.

അഴിമതിക്കെതിരെ പോരാടുന്നതിനാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്ന് ജേക്കബ് തോമസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ട്. എന്നാല്‍ 2017 ഡിസംബര്‍ മുതല്‍ അദ്ദേഹം സസ്‌പെന്‍ഷനിലാണ്. ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രസംഗിച്ചതിനായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍.

സംസ്ഥാന സര്‍ക്കാരിനെ പുസ്തകത്തിലൂടെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച് ആറ് മാസത്തിന് ശേഷം വീണ്ടും സസ്‌പെന്‍ഷന്‍ ലഭിച്ചു. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തിന്റെ പേരിലായിരുന്നു മൂന്നാമത്തെ സസ്‌പെന്‍ഷന്‍.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ളതിനാലാണ് ജേക്കബ് തോമസ് ഐ.പി.എസ് സ്ഥാനം രാജിവയ്ക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാനും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ജേക്കബ് തോമസിന്റെ ചാലക്കുടിയിയിലെ സ്ഥാനാര്‍ത്ഥിത്വം.

Top