മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും സി. ദിവാകരനേയും വിമർശിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും മുൻ മന്ത്രി സി. ദിവാകരനേയും വിമർശിച്ച് ജേക്കബ് തോമസ് ഐപിഎസ്. ആത്മകഥയായ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിലാണ് ഇരുവരെയും ജേക്കബ് തോമസ് രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.

തന്നെ ജനവിരുദ്ധനായി ചിത്രീകരിക്കുന്നതിനുവേണ്ടി ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനം വിളിച്ചു ചേർത്തെന്നും പുസ്തകത്തിൽ പറയുന്നു. തന്നേക്കാൾ വളരെ ജൂനിയറായ ശങ്കർ റെഡ്ഡിയെ വിജിലൻസ് മേധാവിയായി നിയമിച്ചത് ചട്ടങ്ങൾ അട്ടിമറിച്ചായിരുന്നു. വിജിലൻസ് ഡയറക്ടറാവാനുള്ള യോഗ്യത തനിക്കുണ്ടായിരുന്നുവെന്നും ജേക്കബ് തോമസ് ആത്മകഥയിൽ പരാമർശിക്കുന്നു.

മുൻ മന്ത്രി സി. ദിവാകരനേയും ജേക്കബ് തോമസ് വിമർശിക്കുന്നുണ്ട്. സപ്ലൈകോയിലെ അഴിമതി ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ തന്നെ സ്ഥലം മാറ്റുകയാണ് ഭക്ഷ്യമന്ത്രിയായിരുന്ന സി. ദിവാകരൻ ശ്രമിച്ചത്. സപ്ലൈകോ അഴിമതിയിൽ സിബിഐ ഉദ്യോഗസ്ഥരും ആരോപണവിധേയരും ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു.

തിങ്കളാഴ്ചയാണ് പുസ്കകത്തിന്റെ പ്രകാശനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ആത്മകഥ പ്രകാശനം ചെയ്യുന്നത്.

Top