നൂറ്റൊന്ന് വെട്ട് വെട്ടാന്‍ പറ്റുന്ന കത്തികള്‍ ഉണ്ടാക്കും; മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ ചാര്‍ജെടുത്ത് ജേക്കബ് തോമസ്

ഷൊര്‍ണൂര്‍: ഒന്നര വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം വീണ്ടും സര്‍വ്വീസിലേയ്ക്ക് തിരിച്ചെത്തി ജേക്കബ് തോമസ്. ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി ആയിട്ടാണ് ജേക്കബ് തോമസ് ചുമതലയേറ്റത്.

മെറ്റല്‍ ഇന്‍സ്ട്രീസ് ഡയറക്ടര്‍ പദവി, വിജിലന്‍സ് ഡയറക്ടര്‍ പദവിയ്ക്ക് തുല്യമായി ഉയര്‍ത്തിയതിന് സര്‍ക്കാരിനോട് നന്ദി ഉണ്ടെന്നായിരുന്നു ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുന്‍പ് ജേക്കബ് തോമസിന്റെ പരിഹാസം. ഇവിടെ നിന്നും മൂര്‍ച്ഛയുള്ള, 101 വെട്ട് വെട്ടാന്‍ പറ്റുന്ന കത്തികള്‍ ഉണ്ടാക്കുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.

സസ്‌പെന്‍ഷന്‍ റദ്ദാക്കി ജേക്കബ് തോമസിനെ തിരികെയെടുക്കാന്‍ ജൂലൈ 29നാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.

ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ആഭ്യന്തര വകുപ്പാണ് ശുപാര്‍ശ നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ജേക്കബ് തോമസിനെ സര്‍വീസില്‍ തിരികെ എടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറിക്കു കൈമാറിയ ഫയലില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാണ്.

അതേസമയം, ട്രിബ്യൂണലിന്റെ തീരുമാനമുണ്ടായിട്ടും സംസ്ഥാനം അനുകൂലമായി പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്നു ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം ചോദിച്ചതിനു പിന്നാലെയാണ് ജേക്കബ് തോമസിനെ വീണ്ടും സര്‍വ്വീസിലേയ്ക്ക് തിരിച്ചെടുത്തത്. 2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായിരുന്നു.

Top