Jacob Thomas and Rishiraj Sing; faces of rigidity in team Behra

തിരുവനന്തപുരം : ഒരിക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ കോപത്തിനിരയായി സര്‍വ്വീസ് വിടാന്‍ വരെ തയ്യാറായ മൂന്ന് ഡി.ജി.പി മാര്‍ക്കും പിണറായി നല്‍കിയത് അര്‍ഹതപ്പെട്ട പദവി.

കേഡര്‍ തസ്തികയായ വിജിലന്‍സ് ഡയറക്ടര്‍ പദവിയിലേക്ക് താരതമ്യേന ജൂനിയറായ ശങ്കര്‍ റെഡ്ഡിയെ നിയമിച്ച കഴിഞ്ഞ സര്‍ക്കാര്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അടക്കമുള്ളവയാണ് ജേക്കബ് തോമസിനും ബഹ്‌റക്കും നിഷേധിച്ചിരുന്നത്.

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് അവധിയെടുക്കാന്‍ ജേക്കബ് തോമസും ബഹ്‌റയും തീരുമാനമെടുത്തപ്പോള്‍ അവരുടെ കൂടെ ജയില്‍ മേധാവിയായി നിയമിക്കപ്പെട്ട ഋഷിരാജ് സിംങ്ങുമുണ്ടായിരുന്നു. പദവികള്‍ക്കുമപ്പുറമുള്ള അടുത്ത സൗഹൃദമാണ് ഈ മൂന്ന് ഉദ്യോഗസ്ഥര്‍ക്കുമുള്ളത്.

ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കിയും ലോക്‌നാഥ് ബഹ്‌റയെ സംസ്ഥാന പോലീസ് മേധാവിയായും നിയമിക്കുക മാത്രമല്ല ഋഷിരാജ് സിംങ്ങിനെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയും ചെയ്തു.

ജേക്കബ് തോമസുമായും ബഹ്‌റയുമായും കൂടികാഴ്ച നടത്തിയതിനുശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി ഇടപെട്ട് നിയമനം നല്‍കിയത്. അതുകൊണ്ട് തന്നെയാണ് ബഹ്‌റയെക്കാള്‍ സീനിയറായിട്ടും ജേക്കബ് തോമസ് തനിക്ക് ലഭിച്ച പദവിയില്‍ അതൃപ്തി രേഖപ്പെടുത്താതിരുന്നത്.

യു.ഡി. എഫ് സര്‍ക്കാരിന്റെ കാലത്തുള്ള നടപടികളില്‍ കടുത്ത വിയോജിപ്പുണ്ടായിരുന്ന ഋഷിരാജ് സിംങ്ങ് ഡെപ്യൂട്ടേഷനില്‍ പോവാന്‍ നേരത്തെ നടത്തിയ നീക്കത്തിന് കഴിഞ്ഞ ദിവമാണ് ബി.എ സ്.എഫ് എ.ഡി. ജി.പി യായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നത്. എന്നാല്‍ ഭരണമാറ്റത്തിന്റെയും പുതിയ സര്‍ക്കാരിന്റെ നിലപാടിന്റെയും സാഹചര്യത്തില്‍ സിംങ്ങ് ഡെപ്യൂട്ടേഷനില്‍ പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

കര്‍ക്കശക്കാരായ ഐ.പി.എസു കാരായ ഈ മൂന്ന് ഡി.ജി.പിമാരും സര്‍വ്വീസില്‍ തങ്ങളുടേതായ വ്യക്തി മുദ്രകള്‍ പതിപ്പിച്ചവരാണ്. സിറ്റി പോലീസ് കമ്മീഷണറായിരുന്നപ്പോള്‍ ലോക്‌നാഥ് ബഹ്‌റ സ്വീകരിച്ച നടപടികളാണ് താന്‍ കമ്മീഷണര്‍ സിനിമയില്‍ പ്രകടിപ്പിച്ച മാനറിസങ്ങളെ സ്വാധീനിച്ചതെന്ന് നടന്‍ സുരേഷ് ഗോപി തന്നെ പല അഭിമുഖങ്ങ ളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

ജേക്കബ് തോമസ് ആകട്ടെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഐക്കണ്‍ തന്നെ ആണ്. ഋഷിരാജ് സിംങ്ങിന്റെ കാര്‍ക്കശ്യം മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോലും സല്യൂട്ടടി വിവാദത്തില്‍ അനുഭവിച്ചറിഞ്ഞതുമാണ്.

Top