ജേക്കബ് തോമസ് ഞെട്ടിച്ച് കളഞ്ഞത് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ . . .

ബാര്‍കോഴക്കേസില്‍ കെ.എം മാണിയെയും മുന്‍ മന്ത്രി കെ. ബാബുവിനെയും പ്രതിചേര്‍ത്ത അഴിമതി വിരുദ്ധ പ്രതിഛായയുള്ള ഡി.ജി.പി ജേക്കബ് തോമസ് ജോലി രാജിവെച്ച് ചാലക്കുടിയില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുമ്പോള്‍ ചങ്കിടിക്കുന്നത് ഇടതു വലത് മുന്നണികള്‍ക്ക്.

ഒന്നര വര്‍ഷത്തെ സര്‍വീസ് ബാക്കി നില്‍ക്കെ ഐപിഎസ് പദവി രാജിവെച്ച് ചാലക്കുടിയില്‍ 20ട്വന്റിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അദ്ദേഹം വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും

നിലവില്‍ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന കിറ്റക്‌സ് ഗ്രൂപ്പ് എം.ഡി സാബു ജേക്കബാണ് 20 ട്വന്റി കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുക്കുന്നത്.

രണ്ടു വര്‍ഷം മുന്‍പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 69 ശതമാനം വോട്ടു നേടിയാണ് 20 ട്വന്റി കിഴക്കമ്പലത്തിന്റെ അധികാരം പിടിച്ചെടുത്തത്. അഞ്ചു കോടി രൂപ മാത്രം വാര്‍ഷിക വരുമാനമുള്ള പഞ്ചായത്തിലേക്ക് പണം നല്‍കുന്നത് കിറ്റെക്‌സാണ്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതി പ്രകാരം പഞ്ചായത്തിനെ ഏറ്റെടുത്തിരിക്കുകയാണ് കിറ്റെക്‌സ്.

രാഷ്ട്രീയ പ്രവേശനത്തിനുള്ള താല്‍പര്യം മുമ്പുതന്നെ ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നതാണ്. അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും, താന്‍ പിന്തുടര്‍ന്ന മൂല്യബോധത്തിന് അനുസരിച്ചുള്ള പാര്‍ട്ടിയുടെ ഭാഗമായിരിക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

ചാലക്കുടിയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 13,884 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇന്നസെന്റ് പാര്‍ലമെന്റിലേയ്‌ക്കെത്തിയത്.

കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ചാലക്കുടി ലോക്‌സഭയുടെ കീഴില്‍ വരുന്നത്. ഇതില്‍ മൂന്ന് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും നാലിടത്ത് യുഡിഎഫുമാണ് ഭരിക്കുന്നത്. ഇവിടെ ജേക്കബ് തോമസ് ട്വന്റി ട്വന്റിയുടെ പിന്തുണയോടെ മത്സരിക്കുന്നത് വോട്ട് നിലയില്‍ സ്വാധീനം ചെലുത്താന്‍ കാരണമായേക്കും.

അഴിമതിക്കെതിരെ പോരാടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക താല്‍പര്യമെടുത്ത് വിജിലന്‍സ് ഡയറക്ടറാക്കിയ ജേക്കബ് തോമസിനെ പിന്നീട് പിണറായി തന്നെ കൈവിടുന്ന കാഴ്ചയായിരുന്നു കേരളം കണ്ടത്. ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു.

ജേക്കബിനെതിരെ ഉള്ള അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നു കാണിച്ചു നല്‍കിയ പരാതിയില്‍ ധനകാര്യ വകുപ്പിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നത്. സസ്‌പെന്‍ഷന്‍ അന്യായമാണെന്നു ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെ പൊതുവേദിയില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നാണു അദ്ദേഹത്തിന് ആദ്യം സസ്‌പെന്‍ഷന്‍ ലഭിച്ചത്.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തമെഴുതിയെന്ന പരാതിയിലും അന്വേഷണം തുടരുകയാണ്. ഇതെല്ലാം നിലനില്‍ക്കെയാണ് രാഷ്ട്രീയ പ്രവേശനത്തിന് തുടക്കം കുറിക്കുന്നത്.

ചാലക്കുടയില്‍ ജേക്കബ് തോമസ് കൂടി എത്തുന്നതോടെ വാശിയേറിയ പോരാട്ടമാകും നടക്കുക. കോണ്‍ഗ്രസിലെ ബെന്നി ബെഹ്ന്നാനും സിറ്റിങ് എം.പി ഇന്നസെന്റിനുമെതിരെ ശക്തമായ പോരാട്ടത്തിന് ജേക്കബ് തോമസിന് ജനപിന്തുണ ലഭിക്കാനാണ് സാധ്യത. ആം ആദ്മിപോലുള്ള അഴിമതി വിരുദ്ധ നിലപാടുള്ള പാര്‍ട്ടികളും ഗ്രൂപ്പുകളും ജേക്കബ് തോമസിനെ പിന്തുണക്കുമെന്നാണ് വിവരം.

Top