ജാക്ക് റസല്‍ ടെറിയര്‍ ഇന്ന് മുതല്‍ കേരള പൊലീസിന്റെ ഭാഗം

തിരുവന്തപുരം: നായ്ക്കളിലെ ഇത്തിരി കുഞ്ഞന്മാർ കേരള പോലീസിന്റെ K9 സ്‌ക്വാഡിലേക്ക്. അന്വേഷണത്തിൽ സഹായികളായി മിടുക്ക് തെളിയിച്ച നായകളുടെ കൂട്ടത്തിലേക്ക് ജാക്ക് റസ്സൽ ടെറിയർ ഇനത്തിൽപ്പെട്ട നായകളെ കൂടി ഉൾപ്പെടുത്തുകയാണ് കേരള പൊലീസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മിടുക്കന്മാരായ ഈ ഇത്തിരിക്കുഞ്ഞന്മാരുടെ വരവ് കേരള പൊലീസ് അറിയിച്ചത്.

‘പാട്രൺ’ എന്ന, ജാക്ക് റസ്സൽ ടെറിയർ ഇനത്തിൽപ്പെട്ട നായ ഈയടുത്തകാലത്ത് ലോകശ്രദ്ധ നേടിയിരുന്നു. ഉക്രൈനിൽ ആക്രമണം തുടങ്ങിയ ശേഷം റഷ്യ നിക്ഷേപിച്ച 200 ലധികം സ്ഫോടകവസ്തുക്കൾ ‘പാട്രൺ’ കണ്ടെത്തുകയും ഉക്രൈൻ സേനയ്ക്ക് അവയെ നിർവീര്യമാക്കി നിരവധിപേരുടെ ജീവൻ രക്ഷിക്കാൻ കഴിയുകയും ചെയ്തിരുന്നതായി കേരള പൊലീസ് ഫെയ്സ്ബുക്ക് പേജിൽ കുറിക്കുന്നു.

ജാക്ക് റസ്സൽ ടെറിയർ നായ്ക്കൾക്ക് ഗന്ധം തിരിച്ചറിയുന്നതിനുള്ള പ്രത്യേക കഴിവുള്ളതിനാൽ ഇവയെ മികച്ച എക്സ്പ്ലോസീവ് സ്‌നിഫർ നായ്ക്കളായി ഉപയോഗിക്കുന്നു. നിർഭയരും ഊർജ്ജസ്വലരുമാണിവർ. ശാരീരികമായി വലിപ്പം കുറവായതിനാൽ ഇടുങ്ങിയ ഇടങ്ങളിൽ പ്രവേശിക്കാനും സ്‌ഫോടക വസ്തുക്കൾ, നിരോധിത ലഹരിവസ്തുക്കൾ തുടങ്ങിയവ കണ്ടെത്താനും ഇവയ്ക്ക് എളുപ്പം കഴിയും.

Top