ജബലിയ അഭയാര്‍ഥി ക്യാമ്പില്‍; ഇസ്രേയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 195 ആയി

ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബലിയയ്ക്ക് നേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ നടത്തിയ രണ്ട് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 195 ആയി. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടത്തിയ ആക്രമണത്തില്‍ 120 പേരെ കാണാതായതായും 777 പേര്‍ക്ക് പരുക്കേറ്റതായും ഗാസ അധികൃതര്‍ അറിയിച്ചു. യു എന്‍ കണക്ക് പ്രകാരം, ഏകദേശം 116,011 പലസ്തീന്‍ അഭയാര്‍ഥികള്‍ താമസിച്ചിരുന്ന ക്യാമ്പാണ് ജബലിയ. ഇവിടെ സായുധ സംഘമായ ഹമാസിന്റെ നേതാക്കളുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഇസ്രയേലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍.

അടിയന്തര ചികിത്സ ആവശ്യമുള്ള 81 പേരെ കഴിഞ്ഞ ദിവസം ഗാസയില്‍നിന്ന് ഈജിപ്തിലേക്ക് മാറ്റി. ഒക്ടോബര്‍ ഏഴിന് ശേഷം ആദ്യമായാണ് റഫാ അതിര്‍ത്തി വഴി ആളുകളെ ഒഴിപ്പിക്കുന്നതിനായി തുറക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മേല്‍നോട്ടത്തില്‍ വിദേശ പാസ്പോര്‍ട്ടുള്ള 335 പേരെയും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിന്റെ ഉപരോധം മൂലം ഇന്ധനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഗാസ മുനമ്പിലെ ഏക കാന്‍സര്‍ ചികിത്സ ആശുപത്രിയായ തുര്‍ക്കി-പലസ്തീനിയന്‍ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റല്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

ചൊവ്വാഴ്ച ജബലിയ ക്യാമ്പില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന്റെ നടപടിയെ അപലപിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇസ്രയേല്‍ ആക്രമണം തുടരുകയായിരുന്നു. ജബലിയയ്ക്ക് നേരെ നടത്തിയ ‘അനുപാതികമല്ലാത്ത ആക്രമണങ്ങള്‍ യുദ്ധകുറ്റങ്ങള്‍ക്ക് കാരണമാകുന്ന പ്രവൃത്തി’യാകുമെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ പറഞ്ഞു. യു എന്‍ മേധാവി അന്റോണിയോ ഗുട്ടറസും സംഭവത്തില്‍ പരിഭ്രാന്തി രേഖപ്പെടുത്തി.

 

Top