ജെ മേഴ്‌സിക്കുട്ടിയമ്മ രാജിവെയ്ക്കണം, ഗൂഢാലോചനയ്ക്ക് പിന്നില്‍ മന്ത്രി;ചെന്നിത്തല

കൊല്ലം: ആഴക്കടല്‍ മത്സ്യ ബന്ധന അഴിമതിയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയ്ക്ക് ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. പദ്ധതി മത്സ്യ നയത്തിന് എതിരെങ്കില്‍ പിന്നെ എന്തിനാണ് ധാരണാ പത്രത്തില്‍ ഒപ്പിട്ടത്? സര്‍ക്കാരിന്റെ ധാര്‍മ്മികത നഷ്ടപ്പെട്ടു. തദ്ദേശീയ തൊഴിലാളികളെ ഉപയോഗിച്ച് പദ്ധതി നടത്താനാണ് ആലോചിച്ചിരുന്നത്. കമ്പനി അധികൃതരെ തിരിച്ചയച്ചെന്ന വാദം തെറ്റാണ്. പ്രതിപക്ഷം ഇടപെട്ടില്ലെങ്കില്‍ മന്ത്രിസഭ പദ്ധതി പാസ്സാക്കുമായിരുന്നു എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഇപ്പോള്‍ ആരോപണങ്ങളെല്ലാം തെളിഞ്ഞിരിക്കുകയാണ്. ഇഎംസിസി കമ്പനിക്കാരെ മന്ത്രി കൊണ്ടു പോയത് ക്ലിഫ് ഹൗസിലേയ്ക്കാണ്. പദ്ധതിയ്ക്ക് വേണ്ടി മത്സ്യ നയത്തില്‍ കൂട്ടിച്ചേര്‍ക്കലുണ്ടായി. കേന്ദ്ര മന്ത്രി പറഞ്ഞ വാദം ശരിയാണെങ്കില്‍ പ്രശ്‌നം ഗുരുതരമാണ്. മറുപടി പറയാന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ബാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Top