തീവ്രവാദ ഫണ്ടിംഗ് കേസ് ; കശ്മീര്‍ വ്യവസായി വട്ടാലിക്കു ഉപാധികളോടെ ജാമ്യം

delhi high court

ന്യൂഡല്‍ഹി: തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രമുഖ കശ്മീര്‍ വ്യവസായിയും വിഘടനവാദി നേതാവ് സെയ്ദ് അലി ഷാ ഗിലാനിയുടെ അടുത്തയാളുമായ സഹൂര്‍ അഹമ്മദ് ഷാ വട്ടാലിക്കു ഉപാധികളോടെ ജാമ്യം. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിന്‍മേലാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജൂണ്‍ എട്ടിന് വിചാരണ കോടതി വട്ടാലിയുടെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ജസ്റ്റീസുമാരായ മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17നാണ് വട്ടാലിയെ എന്‍ഐഎ അറസ്റ്റു ചെയ്തത്. ജനുവരി 18 വട്ടാലിക്കും ലഷ്‌കറെ തലവന്‍ ഹാഫിസ് സയീദ്, ഹിസ്ബുള്‍ മുജാഹുദീന്‍ തലവന്‍ സയ്ദ് സലാഹുദീന്‍ അടക്കമുള്ള 12 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.

വിഘടനവാദികള്‍ക്കുള്ള പണം ദുബായ്, പാകിസ്ഥാന്‍, ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ തുടങ്ങിയവ വഴി കഴിഞ്ഞ 10 വര്‍ഷത്തോളമായി വട്ടാലി വിഘടനവാദികള്‍ക്ക് പണം കൈമാറി വരികയായിരുന്നുവെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. വിഘടനവാദ നേതാക്കള്‍ക്ക് പണം കൈമാറുന്നതിലൂടെ എട്ടു മുതല്‍ 9 ശതമാനം വരെ കമ്മീഷനും വട്ടാലി നേടിയിരുന്നു.

കാശ്മീരില്‍ തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനു പുറമെ സ്വന്തമായി കാശ്മീരിലും ഡല്‍ഹിക്കടുത്തുള്ള ഗുരുഗ്രാമിലും കോടിക്കണക്കിന് രൂപയുടെ വസ്തുവകകള്‍ വാങ്ങിക്കൂട്ടുന്നതിനും വട്ടാലി പണം ഉപയോഗിച്ചിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹുറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗിലാനിയുടെ മകന്‍ നസീം ഗിലാനിക്കും പാകിസ്ഥാനില്‍ നിന്നും ദുബായില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ലഭിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

Top