‘കുട്ടികൾ മോശമാകും’അദ്ധ്യാപക ദമ്പതിമാരെ വിവാഹ ദിനം സ്കൂളിൽ നിന്നും പുറത്താക്കി

ശ്രീനഗർ : ജമ്മുകശ്മീരിൽ കല്യാണ ദിനത്തിൽ തന്നെ അധ്യാപക ദമ്പതികളെ സ്കൂളിൽ നിന്ന് പുറത്താക്കി.

പുൽവാമ ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകരായവരെയാണ് ഇവരുടെ പ്രണയം വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും എന്ന കാരണത്താൽ സ്കൂൾ മാനേജ്മെൻറ് പുറത്താക്കിയത്.

താരിഖ് ഭട്ട്, സുമായാ ബാഷീർ എന്നിവർ കഴിഞ്ഞ ഏതാനും വർഷങ്ങളായി പാമ്പോർ മുസ്ലീം വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

നവമ്പർ 30 നാണ് ഇരുവരും വിവാഹിതരായത്. അന്നേ ദിവസമാണ് ഇവരുടെ സേവനം സ്കൂൾ മാനേജ്മെൻറ് അവസാനിപ്പിച്ചുവെന്ന് അറിയിച്ചത്.

സ്കൂൾ പ്രിൻസിപ്പാൾ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ ഇരുവരും വിവാഹം കഴിക്കുന്നതിന് മുൻപ് പ്രണയത്തിൽ ആയിരുന്നുവെന്നും , ഇവരുടെ സേവനം കുട്ടികളെ ബാധിയ്ക്കുമെന്നതിനാലാണ് അധ്യാപക ദമ്പതികളെ പിരിച്ചുവിട്ടതെന്നും സ്കൂൾ ചെയർമാൻ ബഷീർ മസൂദി വ്യക്തമാക്കി.

എന്നാൽ ഞങ്ങളുടെത് പ്രണയ വിവാഹമല്ലെന്നും, വിവാഹം മാസങ്ങൾക്ക് മുൻപ് നിശ്ചയിച്ചിരുന്നുവെന്നും ,ഈ വിവരം സ്കൂളിലെ മാനേജ്മെൻറിനു ബോധ്യമുണ്ടായിരുന്നതാണെന്നും താരിഖ് ഭട്ട് അറിയിച്ചു.

മാത്രമല്ല വിവാഹം നിശ്ചയിച്ചതിന് ശേഷം സുമയ്യ സ്കൂളിലെ എല്ലാ സ്റ്റാഫ് അംഗങ്ങൾക്കായി ഒരു പാർട്ടി നൽകിയിരുന്നുവെന്നും, അന്നൊന്നും ഇത്തരത്തിൽ ഒരു പ്രശ്‍നം ആരും ഉന്നയിച്ചിരുന്നില്ലെന്നും താരിഖ് കൂട്ടിച്ചേർത്തു.

വിവാഹത്തിനായി ഇരുവരും ഒരു മാസം മുൻപ് അവധിയ്ക്കായി അപേക്ഷ നൽകി. സ്കൂൾ മാനേജ്മെൻറ് അവധി അനുവദിക്കുകയും ചെയ്തിരുന്നു.

ഞങ്ങളുടെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു വീഴ്ച്ച ഉണ്ടായെങ്കിൽ ഇവർ നേരത്തെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും, തങ്ങളുടെ വിവാഹം കളങ്കപ്പെടുത്താനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും സുമായാ ബാഷീർ ആരോപിച്ചു.

Top