സമാധാനമില്ലാതെ പാക്കിസ്ഥാൻ ; അതിർത്തിയിലെ ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യു

indian-army

ശ്രീനഗർ : ഇന്ത്യയുമായി സമാധാന ചർച്ചകൾ നടത്താൻ താത്പര്യമെന്ന് അറിയിച്ച പാക്കിസ്ഥാൻ കരസേനാ മേധാവിയുടെ നിലപാടിനു ശേഷം അതിർത്തിയിൽ പാക്ക് സൈന്യത്തിന്റെ ആക്രമണം.

വെടിനിർത്തൽ കരാർ ലംഘിച്ചു നടന്ന ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യു.

ജമ്മു കശ്മീരിലെ കെറിയിൽ 120 ഇൻഫൻട്രി ബ്രിഗേഡിനു നേർക്കായിരുന്നു ആക്രമണമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്.

പാക്കിസ്ഥാനും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തി സമാധാനം നിലനിർത്താൻ ശ്രമിക്കണമെന്ന് പാക്ക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാൽ പാക്കിസ്ഥാൻ ഭീകരർക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും നൽകുന്ന പിന്തുണ അവസാനിപ്പിച്ചാൽ സമാധാന ചര്‍ച്ച നടത്താൻ ഇന്ത്യയ്ക്ക് പൂര്‍ണ സമ്മതമാണെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് മറുപടി നൽകുകയും ചെയ്തു.

പാക്കിസ്ഥാന്റെ പ്രവർത്തിയിൽ അവർക്ക് സമാധാന ചർച്ചകൾക്ക് താൽപര്യമുണ്ടെന്നതിന്റെ യാതൊരു സൂചനകളുമില്ലെന്നും റാവത്ത് ചൂണ്ടിക്കാട്ടി. റാവത്തിന്റെ വാക്കുകൾ ഈ ആക്രമണത്തോടെ ശരിയാണെന്നു തെളിഞ്ഞിരിക്കുയാണ് ഇപ്പോൾ.

അതിർത്തിയിൽ ഈ വർഷം 881 പ്രാവശ്യമാണ് പാക്ക് സേന വെടിനിർത്തൽ കരാർ ലംഘിച്ചത്.

Top