ഭാരത് ജോഡോ യാത്ര എത്തും മുമ്പ് കശ്മീര്‍ കോണ്‍ഗ്രസില്‍ അടി ; സംസ്ഥാന വക്താവ് രാജിവെച്ചു

ഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ ജമ്മു കശ്മീരിലേക്ക് കടക്കാനിരിക്കെ, കോൺഗ്രസിന് തിരിച്ചടി. ജമ്മു കശ്മീർ സംസ്ഥാന കോൺഗ്രസ് വക്താവ് ദീപിക പുഷ്‌കർ നാഥ് പാർട്ടിയിൽ നിന്നും രാജിവെച്ചു. ആശയപരമായ ഭിന്നതയെത്തുടർന്നാണ് രാജിയെന്ന് ദീപിക വ്യക്തമാക്കി.

മുൻ ബിജെപി നേതാവും മന്ത്രിയുമായ ചൗധരി ലാൽ സിങ്ങിനെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ക്ഷണിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. 2018 ൽ കത്തുവയിൽ എട്ടു വയസ്സുകാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാൻ കൂട്ടു നിന്നയാളാണ് ചൗധരി ലാൽസിങ്ങെന്ന് ദീപിക പറഞ്ഞു.

ബലാത്സംഗ കേസിലെ പ്രതികളെ അനുകൂലിച്ച് ഇയാൾ പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നുവെന്ന് ദീപിക ട്വിറ്ററിൽ കുറിച്ചു. ചൗധരി ലാൽസിങ്ങിനെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ അനുവദിച്ച സാഹചര്യത്തിൽ കോൺഗ്രസിൽ തുടരാനാകില്ല. അയാൾക്കൊപ്പം പാർട്ടി വേദി പങ്കിടാൻ താൽപ്പര്യമില്ലെന്നും ദീപിക പുഷ്‌കർനാഥ് രാജിക്കത്തിൽ വ്യക്തമാക്കി.

Top