ഒരു വര്‍ഷത്തിനുള്ളില്‍ പാല്‍ ഉല്‍പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുക ലക്ഷ്യം:ജെ. ചിഞ്ചു റാണി

കൊച്ചി: ഒരു വര്‍ഷത്തിനുള്ളില്‍ പാല്‍ ഉല്‍പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. തൃക്കാക്കര മണ്ഡല തല നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

90 ശതമാനം പാലും കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് കേരളം അടുക്കുകയാണ്. ക്ഷീര കര്‍ഷകര്‍ക്ക് ശക്തമായ പിന്തുണ നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. തീറ്റ സബ്‌സിഡി കുറഞ്ഞ ചിലവില്‍ ബാങ്കുകള്‍ വഴി വായ്പ്പ എന്നിവ നല്‍കി വരുന്നു. മലപ്പുറത്ത് പാല്‍ പൊടി ഫാക്ടറിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. സമഗ്ര മേഖലയിലും വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഏഴര വര്‍ഷ കാലമായി നടന്ന് വരുന്നത്. അധികാരമേറ്റ സമയത്ത് പ്രകടന പത്രികയില്‍ പറഞ്ഞ ഓരോ വാഗ്ദാനങ്ങളും നടപ്പിലാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

2025 ഓടെ സംസ്ഥാനത്ത് അതിദാരിദ്ര്യം തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍. ഒമ്പത് മാസം കൊണ്ട് തന്നെ ഒരു ലക്ഷം സംരംഭം എന്നെ നേട്ടം കൈവരിക്കാന്‍ സാധിച്ചു. ലൈഫ് മിഷന്‍ വഴി വീടുകള്‍ ഉറപ്പാക്കാന്‍ സാധിച്ചു. മൂന്നുലക്ഷത്തി നാല്‍പതിനായിരം വീടുകള്‍ നിര്‍മിച്ചു. ഒന്നരലക്ഷം വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ക്ഷേമപെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 1600 രൂപയായി ഉയര്‍ത്തി.

വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കുക എന്ന ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് മന്ത്രിസഭ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്നത്. കഴിഞ്ഞ നവ കേരള സദസ്സുകളില്‍ നിന്ന് ലഭിച്ച നിവേദനങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി ഓരോ ജില്ലയിലും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എല്ലാ അപേക്ഷകളിലും അതിവേഗം പരിഹാരമുണ്ടാക്കും. ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയായാണ് വീണ്ടും തുടര്‍ഭരണം ജനങ്ങള്‍ നല്‍കിയത്. സമഗ്ര മേഖലയിലും മാതൃകാപരമായ വികസന പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

Top