ആരാധക കൂട്ടത്തിന്റെ പിന്തുണയ്ക്ക് കുറച്ചുകൂടി മികച്ച പ്രകടനം അര്‍ഹിക്കുന്നു; നന്ദിയറിയിച്ച് ഹ്യൂമേട്ടന്‍

Iyan-hume

ന്യൂഡല്‍ഹി: ഡല്‍ഹി ഡൈനാമോസിനെ തറപറ്റിച്ച് ബ്ലാസ്റ്റേഴ്‌സിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചത് ആരാധകരുടെ പിന്തുണകൊണ്ടാണെന്ന് മലയാളികളുടെ ഹ്യൂമേട്ടന്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും മികച്ച ആരാധക കൂട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേതെന്നും, അവര്‍ തരുന്ന പിന്തുണയ്ക്ക് കുറച്ചുകൂടി മികച്ച പ്രകടനം അര്‍ഹിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാമെന്നും ഇയാന്‍ ഹ്യൂം പറഞ്ഞു.

‘പലരും ഞങ്ങളെ എഴുതി തള്ളിയതാണെന്നും, അതിനാല്‍ വിജയം ഞങ്ങള്‍ക്ക് അത്യാവശ്യമായിരുന്നെന്നും, ഗോളുകള്‍ നേടുന്നതിന് ഒമ്പത് മത്സരം വരെ വേണ്ടി വന്നെന്നും, പക്ഷേ ഗോള്‍ നേടാനായതില്‍ സന്തോഷമുണ്ടെന്നും ഹ്യൂം അറിയിച്ചു. എനിക്ക് എന്താണ് ചെയ്യാനാവുകയെന്നത് സംബന്ധിച്ച് എനിക്ക് നല്ല ധാരണയുണ്ടെന്നും ഡല്‍ഹിക്കെതിരെയുള്ള ആദ്യത്തെ ഗോള്‍ ഭാഗ്യത്തിന് നേടിയതാണെന്ന് പറയാം, പന്ത് എന്നിലേക്ക് വന്നുവീഴുകയായിരുന്നു. പിന്നീടുള്ള ഗോളുകള്‍ക്ക് പിന്നില്‍ അധ്വാനം വേണ്ടിവന്നെന്നും, മത്സരത്തില്‍ അതൊക്കെ സ്വാഭാവികമാണ്. ഞങ്ങളെ സംബന്ധിച്ച് മൂന്ന് പോയിന്റ് നേടുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും’ ഇയാന്‍ ഹ്യൂം വ്യക്തമാക്കി.

ഡല്‍ഹി ഡൈനാമോസിനെതിരെ ഹ്യൂമിന്റെ ഹാട്രിക് മികവില്‍ 3-1ന് തോല്‍പിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐഎസ്എല്ലില്‍ മൂന്നാമത്തെ ഹാട്രിക്കാണ് ഇയാന്‍ ഹ്യൂം ഡല്‍ഹിക്കെതിരെ നേടിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ എവേ വിജയവും വിലപ്പെട്ട മൂന്ന് പോയിന്റുകളും ഹ്യൂമിന്റെ ഗോളടി മികവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. പരിക്കേറ്റ് ചോരയൊലിപ്പിക്കുന്ന തലയുമായായിരുന്നു അവസാനത്തെ രണ്ട് ഗോളുകളും കളിക്കളത്തിലെ കഠിനാധ്വാനിയായ ഇയാന്‍ ഹ്യൂം നേടിയത്.

ആരാധകരെക്കുറിച്ചുള്ള ചോദ്യത്തിന് ആവേശത്തോടെയായിരുന്നു ഹ്യൂമിന്റെ മറുപടി. ‘രാജ്യത്തെ തന്നെ മികച്ച ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേത്. ക്രിസ്മസിന് തൊട്ടു മുമ്പ് ചെന്നൈയില്‍ കളിച്ചപ്പോള്‍ ആകെ 16000ത്തോളം കാണികളാണുണ്ടായിരുന്നത്. അതില്‍ 6000ത്തോളം പേര്‍ നമ്മുടെ ആള്‍ക്കാരായിരുന്നു. ഇവിടെ ഡല്‍ഹിയില്‍ പതിനായിരത്തോളം പേര്‍ വന്നിട്ടുണ്ടെങ്കില്‍ പകുതിയോളം പേര്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരാണെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റും. സീസണിലെ ടീമിന്റെ പ്രകടനത്തേക്കാള്‍ മികച്ച ഒന്ന് ആരാധകര്‍ അര്‍ഹിക്കുന്നുണ്ട്. അത് ഞങ്ങള്‍ക്കറിയാം. ആരാധകര്‍ ആഗ്രഹിക്കുന്ന രീതിയില്‍ കളിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും ഇയാന്‍ ഹ്യൂം വ്യക്തമാക്കി.

Top