Ivory case; Petition filed against Thiruvanchoor and Mohanlal

കൊച്ചി: മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ച് മുന്‍മന്ത്രി തിരുവഞ്ചൂരിനെയും മോഹന്‍ലാലിനെയും പ്രതികളാക്കി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒന്നാം പ്രതിയായും മോഹന്‍ലാല്‍ ഏഴാം പ്രതിയുമായി പത്ത് പേര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ.എ പൗലോസാണ് ഹര്‍ജി നല്‍കിയത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കുന്നതിന് ഈ മാസം 22ലേക്ക് മാറ്റി. മുന്‍ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്‍, മലയാറ്റൂര്‍ ഡിഎഫ്ഒ, കോടനാട് റെയ്ഞ്ച് ഓഫീസര്‍ ഐ.പി.സനല്‍, സിറ്റി പോലീസ് കമ്മീഷണറായിരുന്ന കെ.പത്മകുമാര്‍, തൃക്കാക്കര അസി.പോലീസ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍, തൃശൂര്‍ സ്വദേശി പി.എന്‍.കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാര്‍, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തെങ്കിലും എഫ്‌ഐആര്‍ ഇടാനോ മോഹന്‍ലാലിനെതിരെ നിയമനടപടി സ്വീകരിക്കാനോ വനംവകുപ്പോ പൊലീസോ തയ്യാറായിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്ന് പറയുമ്പോഴും നിയമപരമായി കുറ്റകരമാണ്. മോഹന്‍ലാലിന്റെ തന്നെ ആര്‍ട്ട് ഗ്യാലറിയില്‍ നിന്നുമാണ് കണ്ടെടുത്തതെന്നും നിയമവിരുദ്ധമായി പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ആനക്കൊമ്പ് സൂക്ഷിക്കുവാനോ വാങ്ങാനോ നിയമമില്ലായെന്നിരിക്കെ കള്ളരേഖയുണ്ടാക്കി സംരക്ഷിക്കാനുള്ള നിലപാടാണ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചതെന്നും കഴിഞ്ഞ 50 മാസമായി ഇഴഞ്ഞുനീങ്ങുന്ന കേസിലൂടെ മോഹന്‍ലാലിനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടന്നുവരുന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

Top