ഒന്നല്ല രണ്ട് തവണ; സൂപ്പര്‍ ഡബിള്‍ നട്‌മെഗുമായി ലിവര്‍പൂള്‍ താരം

ലിവര്‍പൂള്‍ താരം നബി കെയ്റ്റിയുടെ നട്‌മെഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. കഴിഞ്ഞ ദിവസം ബോണ്‍മൗത്തിനെതിരെ നടന്ന മത്സരത്തിലാണ് താരത്തിന്റെ തകര്‍പ്പന്‍ നട്‌മെഗ് പിറന്നത്.

ഇടതുവിങ്ങിലൂടെ മുന്നേറുന്നതിനിടെ ആദ്യം ബോണ്‍മൗത്ത് താരം ഫ്രാന്‍സിസിനെ നട്‌മെഗ് ചെയ്ത ഗിനിയ താരം തൊട്ടടുത്ത നിമിഷം തന്നെ മറ്റൊരു ബോണ്‍മൗത്ത് താരമായ ലെര്‍മയെയും നട്‌മെഗ് ചെയ്യുകയായിരുന്നു. ഈ കണക്കാണെങ്കില്‍ കാലുകള്‍ ഇല്ലാത്ത മത്സ്യകന്യകയെ വരെ കെയ്റ്റക്കു നട്‌മെഗ് ചെയ്യാനാകുമെന്നാണ് താരത്തിന്റെ പ്രകടനം കണ്ട് ലിവര്‍പൂള്‍ ആരാധകര്‍ പറയുന്നത്.


ബാഴ്‌സയടക്കമുള്ള ടീമുകളുടെ വെല്ലുവിളി മറികടന്നാണ് സീസണിന്റെ തുടക്കത്തില്‍ നബി കെയ്റ്റയെ ലിവര്‍പൂള്‍ സ്വന്തം കൂടാരത്തിലെത്തിച്ചത്. അറുപതു ദശലക്ഷം യൂറോയോളം മുടക്കി ഇംഗ്ലണ്ടിലെത്തിച്ച താരത്തിന്റെ പ്രകടനം ശരാശരിയില്‍ മാത്രമൊതുങ്ങിയത് ആരാധകര്‍ക്ക് നിരാശയായിരുന്നു. ആദ്യ മത്സരങ്ങളില്‍ പ്രതീക്ഷയുണര്‍ത്തിയെങ്കിലും പിന്നീട് പല മത്സരങ്ങളിലും സമ്മിശ്രമായിരുന്നു താരത്തിന്റെ പ്രകടനം. എന്നാല്‍ കഴിഞ്ഞ ദിവസം ബോണ്‍മൗത്തിനെതിരെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച് താരം വീണ്ടും ഫോമിലേക്കു തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കുകയാണ്.

സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ഹാട്രിക്ക് നേടിയ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ജയിച്ചത്. ഇതോടെ, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

Top