വീഴ്ചകളിലും ടീമിനെ കൈവിടാത്ത ആരാധകരാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്തെന്ന് കോച്ച്

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണ അതിശയിപ്പിക്കുന്നതാണ് എന്ന് കോച്ച് ഇവാന്‍ വുകുമാനോവിച്ച്. വീഴ്ചകളിലും ടീമിനെ കൈവിടാത്ത ആരാധകരാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് എന്നും വുകുമാനോവിച്ച് ചൂണ്ടിക്കാട്ടി.

‘ടീം ഇപ്പോള്‍ പുലര്‍ത്തുന്ന മികവ് തുടര്‍ന്നും ഉണ്ടാവണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ആരാധകരുടെ പിന്തുണ ഗോവയില്‍ ഇരുന്ന് കൊണ്ട് ഞങ്ങള്‍ക്ക് അനുഭവിക്കാനാവുന്നുണ്ട്. ആ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്. ഈ വിജയങ്ങളൊക്കെ കൊച്ചിയിലെ നിറഞ്ഞുകവിഞ്ഞ ഗ്യാലറികള്‍ക്ക് മുന്നിലാണ് ഞങ്ങള്‍ ആഘോഷിക്കേണ്ടിയിരുന്നത്. നിര്‍ഭാഗ്യം കൊണ്ടാണ് അതിന് കഴിയാതെ പോവുന്നത്. മഹാമാരിക്കാലം അവസാനിക്കുമ്പോള്‍ കാണികളുടെ ആവേശത്തിനിടയില്‍ പന്തു തട്ടാനാവുമെന്നാണ് ടീമിന്റെ പ്രതീക്ഷ’. അദ്ദേഹം പറഞ്ഞു.

ജംഷഡ്പൂര്‍ എഫ്.സിക്കെതിരായ മത്സരത്തിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജംഷഡ് പൂരിനെതിരായ മത്സരം കടുത്തതാവും എന്നും വിജയിക്കാന്‍ ടീം കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ലീഗില്‍ ഒപ്പത്തിനൊപ്പമാണ്.അവസാന രണ്ടു മത്സരങ്ങളില്‍ 3-0 എന്ന സ്‌കോറിന് ചെന്നൈയിനെയും മുംബൈ സിറ്റിയെയും പരാജയപ്പെടുത്തി മികച്ച ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. അവസാന ആറു മത്സരങ്ങളില്‍ ടീം പരാജയം അറിഞ്ഞിട്ടില്ല.

Top