കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകനാകാന്‍ ഇവാന്‍ വുകോമനോവിച്ച്

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ ഹെഡ് കോച്ചായി ഇവാന്‍ വുകോമനോവിച്ചിനെ നിയമിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2021-22 സീസണിനു മുന്നോടിയായാണ് പുതിയ പരിശീലകനാകനെ ടീമിനു വേണ്ടി നിയമിച്ചത്. 15 വര്‍ഷത്തോളം പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമായിരുന്നത് കൂടാതെ ബെല്‍ജിയം, സ്ലൊവേക്യ, സൈപ്രസ് എന്നിവിടങ്ങളിലെ ടോപ്പ് ഡിവിഷനുകളില്‍നിന്നുള്ള പരിശീലകനായിരുന്നു ഇവാന്‍.

ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കൊപ്പം ചേര്‍ന്ന ഇവാനെ കെബിഎഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് അഭിന്ദനം അറിയിച്ചു. ഇവിടെയുള്ള സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ കഴിയുന്ന, വലിയ വെല്ലുവിളിക്കും ഉത്തരവാദിത്തത്തിനും അനുയോജ്യനായ ആളാണ് ഇവാന്‍ എന്ന് കരുതുന്നതായി അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പ്രൊഫഷണല്‍ സമീപനത്തോടെയുള്ള കാഴ്ചപ്പാടുകള്‍ ആകര്‍ഷിച്ചെന്നായിരുന്നു ഇവാന്റെ പ്രതികരണം. വലിയ ആരാധക വൃന്ദവും അകമഴിഞ്ഞ പിന്തുണയും കണ്ടശേഷം കെബിഎഫ്‌സി കുടുംബത്തില്‍ അംഗമാകാന്‍ ഒരു നിമിഷം പോലും എനിക്ക് സംശയിക്കേണ്ടി വന്നില്ല. ഈ മനോഹരമായ ക്ലബിനെ സ്‌നേഹിക്കുന്ന എല്ലാവരെയും സന്തോഷത്തിലും അഭിമാനത്തിലുമാക്കാന്‍, ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇവാന്‍ പറഞ്ഞു.

Top