മുസ്ലീംലീഗിനെതിരായ പരാമര്‍ശം; എ വിജയരാഘവനെ തള്ളി സിപിഎം സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: എ വിജയരാഘവനെ തള്ളി സിപിഎം സെക്രട്ടറിയേറ്റ്. മുസ്ലീംലീഗ് വര്‍ഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. വിജയരാഘവന്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പിന് മുന്‍പ് ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി വിജയരാഘവനോട് ആവശ്യപ്പെട്ടതായാണ് വിവരം.

വിജയരാഘവന്റെ വിവാദ പ്രസ്താവന തിരിച്ചടിയായേക്കും എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആക്ടിംഗ് സെക്രട്ടറിയെ തിരുത്താന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്. മുസ്ലീം ലീഗിനെ നയിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ നടത്തിയ കടന്നാക്രമണം താഴത്തട്ടില്‍ നെഗറ്റീവായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി എന്ന അഭിപ്രായം സിപിഎമ്മില്‍ ഒരു വിഭാഗത്തിനുണ്ട്.

യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചയുടെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് പോയത് എന്നിരിക്കെ, അതില്‍ സിപിഎം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ലീഗ് വിരുദ്ധ പരാമര്‍ശത്തിലൂടെ വിജയ രാഘവന്റെ മുസ്ലീം വിരുദ്ധതയാണ് വ്യക്തമാവുന്നതെന്നും യുഡിഎഫ് നേരത്തെ വിമര്‍ശിച്ചിരുന്നു.

Top