മൂന്ന് സീറ്റുകൾക്കായി ലീഗ് യുഡിഎഫിൽ പിടിമുറുക്കുന്നത് പൊന്നാനി നഷ്ടമായാലും രണ്ട് സീറ്റുകൾ നിലനിർത്താൻ !

ലോകസഭ തിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകള്‍ക്ക് ലീഗിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കുക വഴി പൊന്നാനിയിലെ ഇടതുപക്ഷ ഭീഷണിയാണ് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ മുന്നില്‍ കണ്ടിരിക്കുന്നത്. പൊന്നാപുരം കോട്ടയായ പൊന്നാനി നഷ്ടപ്പെട്ടാലും ലീഗിന്റെ സീറ്റ് നിലയില്‍ മാറ്റം വരാതിരിക്കാനാണ് മൂന്നാമതൊരു സീറ്റു കൂടി ആവശ്യപ്പെടാന്‍ ലീഗ് തീരുമാനിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചില്ലെങ്കില്‍ വയനാട് അതല്ലെങ്കില്‍ വടകര, കോഴിക്കോട്, കാസര്‍ഗോഡ് സീറ്റുകളില്‍ ഒന്നു ലഭിക്കണമെന്നതാണ് ലീഗിന്റെ ആവശ്യം. കോണ്‍ഗ്രസ്സിനെ ഏറെ പ്രതിസന്ധിയിലാക്കുന്ന നീക്കംകൂടിയാണിത്.

നിലവില്‍ 2 സീറ്റുകളില്‍ മാത്രമാണ് ലീഗ് മത്സരിക്കാറുള്ളത്. മലപ്പുറം, പൊന്നാനി സീറ്റുകളാണിത്. ഈ രണ്ട് ലോകസഭ മണ്ഡലങ്ങളും ലീഗിന്റെ കുത്തക സീറ്റുകളായാണ് അറിയപ്പെടുന്നത്. ഇടതുപക്ഷത്തെ രണ്ടാമത്തെ ഘടകകക്ഷിയായ സി.പി.ഐ നാല് സീറ്റുകളില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ലീഗിന് രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ക്ക് അവകാശമുണ്ടെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മൂന്ന് സീറ്റില്‍ പിടിമുറക്കാനാണ് ശ്രമം.

മലപ്പുറം മുന്‍പ് മഞ്ചേരി ലോകസഭ മണ്ഡലമായിരുന്ന കാലത്ത് അവിടെ ടി.കെ ഹംസയിലൂടെ അട്ടിമറി വിജയം നേടിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്. ഇതിനു ശേഷം മണ്ഡലം തിരിച്ചു പിടിച്ച ലീഗ് പിന്നെ കണ്ണിലെ കൃഷ്ണമണി പോലെയാണ് മലപ്പുറം മണ്ഡലത്തില്‍ ജാഗ്രത പുലര്‍ത്തി വന്നിരുന്നത്. എന്നിട്ടു പോലും ലീഗിന്റെ ഈ കോട്ടയില്‍ ഒരു ലക്ഷത്തില്‍ അധികം വോട്ടുകളാണ് കഴിഞ്ഞ മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി.പി സാനു കൂടുതലായി നേടിയിരുന്നത്. പി കെ കുഞ്ഞാലിക്കുട്ടി രാജി വച്ച ഒഴിവിലേക്കാണ് സമദാനി ലീഗിനു വേണ്ടി പോരിനിറങ്ങിയിരുന്നത്.

1,14,615 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സമദാനി വിജയിച്ചത്. അതിനു മുന്‍പ് പി.കെ കുഞ്ഞാലിക്കുട്ടി 1,71038 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണിത്. അരലക്ഷത്തില്‍ അധികം വോട്ടാണ് ലീഗിന് ഉപതിരഞ്ഞെടുപ്പില്‍ നഷ്ടമായത്. ലീഗിന് നഷ്ടമായ വോട്ടുകള്‍ക്കൊപ്പം പുതിയ വോട്ടുകളില്‍ ഏറെയും വി.പി സാനുവിനാണ് ലഭിച്ചിരുന്നത്. സമദാനിക്ക് 5,38,248 വോട്ടുകളും എസ്എഫ്‌ഐ ദേശീയ പ്രസിഡണ്ട് കൂടിയായ വി പി സാനുവിന് 4,23,633 വോട്ടുകളും ആണ് ലഭിച്ചിരുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായ എപി അബ്ദുള്ളക്കുട്ടിയാകട്ടെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. 58,935 വോട്ടുകളാണ് അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചിരുന്നത്.

പൊന്നാനിയില്‍ ഇത്തവണ സെയ്ഫ് അല്ലാത്തതിനാല്‍ മലപ്പുറത്തേക്ക് കൂട് മാറാനാണ് ഇ.ടി മുഹമ്മദ് ബഷീര്‍ ഒരുങ്ങുന്നത്. അങ്ങനെ സംഭവിച്ചാല്‍ പകരം സമദാനി ആയിരിക്കും പൊന്നാനിയില്‍ മത്സരിക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം പൊന്നാനി ലോകസഭ മണ്ഡലത്തില്‍ പതിനായിരത്തില്‍ താഴെ മാത്രമാണ് യു.ഡി.എഫിന് ഭൂരിപക്ഷമുള്ളത്. ജില്ലയിലെ കോണ്‍ഗ്രസ്സിലെ തര്‍ക്കങ്ങളും ലീഗ് നേരിടുന്ന വെല്ലുവിളിയാണ്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം പൊന്നാനിയില്‍ ഇത്തവണ ലീഗിനെതിരെ വോട്ട് ചെയ്യുമെന്ന അഭ്യൂഹം ഇപ്പോള്‍ തന്നെ മണ്ഡലത്തില്‍ ശക്തമാണ്.

ഇതിനെല്ലാം പുറമെ ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്തയിലെ ഒരു വിഭാഗവും പൊന്നാനിയില്‍ ലീഗിനെ വീഴ്ത്തുമെന്ന വാശിയിലാണ്. ഇതെല്ലാം തന്നെ ലീഗിനെ വലിയ രൂപത്തില്‍ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. സമാദിനിക്ക് എതിരാളിയായി മത്സരിച്ച വി.പി സാനു, കെ.ടി ജലീല്‍, മന്ത്രി വി അബ്ദുറഹിമാന്‍ എന്നിവരാണ് ഇടതുപക്ഷം പരിഗണിക്കുന്നവരില്‍ പ്രമുഖര്‍. ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസ്സ് വിട്ടു വന്നാല്‍ അദ്ദേഹത്തെയും പൊന്നാനിയില്‍ പരിഗണിച്ചേക്കും.

പൊന്നാനി ലോകസഭ മണ്ഡലം കൈവിട്ടു പോകാതിരിക്കാന്‍ സമദാനി മുതല്‍ കെ എം ഷാജിയും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെയും വരെ പൊന്നാനിയിലേക്കായി ലീഗ് പരിഗണിക്കുന്നുണ്ട്. ഇവരില്‍ ആര് തന്നെ സ്ഥാനാര്‍ത്ഥിയായാലും ഇത്തവണ പൊന്നാനിയില്‍ കടുത്ത മത്സരമാണ് ലീഗിന് നേരിടേണ്ടി വരിക. അതുകൊണ്ടാണ് പൊന്നാനിയില്‍ പരാജയപ്പെട്ടാലും രണ്ട് സീറ്റ് ഉറപ്പിച്ചു നിര്‍ത്താനാണ് മൂന്നാമതൊരു സീറ്റിനായി ലീഗ് നേതൃത്വം അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. വയനാട് ആണ് ലഭിക്കുന്നതെങ്കില്‍ വലിയ റിസ്‌ക്ക് ഇല്ലാത്തതിനാല്‍ അതിനായാണ് പ്രധാനമായും പിടിമുറുക്കുന്നത്.

എന്നാല്‍, ഉറച്ച സീറ്റായി കോണ്‍ഗ്രസ്സ് കാണുന്ന വയനാട് വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറല്ല. ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷിക്കെതിരെ മത്സരിക്കുന്നു എന്ന പഴി ഒഴിവാക്കാന്‍ ഇത്തവണ വയനാട്ടില്‍ മത്സരിക്കാന്‍ രാഹുലിന് താല്‍പ്പര്യം ഇല്ലാതിരുന്നിട്ടു പോലും സംസ്ഥാന നേതാക്കള്‍ നിര്‍ബന്ധിച്ച് അദ്ദേഹത്തെ വയനാട്ടില്‍ തന്നെ നിര്‍ത്താന്‍ ശ്രമിക്കുന്നതു തന്നെ ലീഗിന് സീറ്റ് നല്‍കാതിരിക്കുന്നതിനു വേണ്ടി മാത്രമാണ്. ഇക്കാര്യം ലീഗ് നേതൃത്വത്തിനും വ്യക്തമായി അറിയാം. അതുകൊണ്ടാണ് വയനാട് അല്ലെങ്കില്‍ വടകരയോ കോഴിക്കോട്, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നോ നല്‍കണമെന്ന് അവര്‍ വാശി പിടിക്കുന്നത്.

എന്നാല്‍, ഇങ്ങനെ വിലപേശി മൂന്നാമതൊരു സീറ്റ് ലീഗ് വാങ്ങിയെടുത്താല്‍ പോലും ആ സീറ്റില്‍ അവര്‍ വിജയിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. പിടിച്ചു വാങ്ങിയ സീറ്റില്‍ ലീഗിന്റെ തോല്‍വി ഉറപ്പാക്കാനാണ് സ്വാഭാവികമായും കോണ്‍ഗ്രസ്സുകാര്‍ തന്നെ ശ്രമിക്കുക. അതല്ലെങ്കില്‍ ഭാവിയിലും ആ സീറ്റ് ലീഗിനു തന്നെ മത്സരിക്കാന്‍ വിട്ടുനല്‍കേണ്ടി വരും.

അതേസമയം, ലീഗ് നോട്ടമിടുന്ന വയനാട് ഒഴികെയുള്ള മൂന്ന് മണ്ഡലങ്ങളും ഉറപ്പായും ഇത്തവണ പിടിച്ചെടുക്കുമെന്ന വാശിയിലാണ് ഇടതുപക്ഷമുള്ളത്. രാഹുല്‍ ഇഫക്ട് ഇത്തവണ ഏശില്ലന്ന് ഉറപ്പിക്കുന്ന ഇടതുപക്ഷം ഇപ്രാവിശ്യം 20-ല്‍ 15 സീറ്റുകളിലാണ് സംസ്ഥാനത്ത് വിജയം പ്രതീക്ഷിക്കുന്നത്. മലബാറില്‍ വയനാടും മലപ്പുറവും ഒഴികെയുള്ള മുഴുവന്‍ സീറ്റുകളിലും വലിയ വിജയ പ്രതീക്ഷയാണ് ഇടതുപക്ഷ നേതാക്കള്‍ക്കുള്ളത്. മധ്യ കേരളത്തില്‍ എറണാകുളവും, തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരവും ഒഴികെയുള്ള മണ്ഡലങ്ങളിലും ഇടതുപക്ഷം വലിയ വിജയസാധ്യത കാണുന്നുണ്ട്.

ദുര്‍ബലമായ സംഘടനാ സംവിധാനവും നയിക്കാന്‍ ഉമ്മന്‍ചാണ്ടിയെ പോലുളള ക്രൌഡ് പുള്ളര്‍മാര്‍ ഇല്ലാത്തതുമാണ് കോണ്‍ഗ്രസ്സ് നേരിടുന്ന പ്രധാന വെല്ലുവിളി. പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് പോരാണ് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരു ഘടകം. മുന്‍പ് രണ്ട് ഗ്രൂപ്പുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അഞ്ച് ഗ്രൂപ്പാണ് ഉള്ളത്. ഗ്രൂപ്പ് നോക്കി തോല്‍പ്പിക്കാന്‍ അണികള്‍ ഇറങ്ങിയാല്‍ അതും കോണ്‍ഗ്രസ്സിനു വലിയ പ്രഹരമാകും. ആലപ്പുഴയില്‍ മത്സരിക്കാന്‍ കെ.സി വേണുഗോപാലിനെ രമേശ് ചെന്നിത്തല ക്ഷണിച്ചതു തന്നെ തോല്‍പ്പിപ്പിച്ച് വിടാനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ തിരിച്ചടി നേരിട്ടാല്‍ കോണ്‍ഗ്രസ്സില്‍ വലിയ കലാപമാണ് പൊടിപ്പുറപ്പെടുക. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഉള്‍പ്പെടെ നേതാക്കളുടെ കസേരകളും തെറിക്കും. ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ ഈ അവസരം മുതലാക്കി മറ്റു പാര്‍ട്ടികളില്‍ ചേക്കേറാനുള്ള സാധ്യതയും കൂടുതലാണ്. ഇതു കൊണ്ടു മാത്രം പ്രത്യാഘാതം തീരുന്നില്ല. തിരഞ്ഞെടുപ്പില്‍ തിരിച്ചടി സംഭവിച്ചാല്‍ ലീഗിലും അതിന്റെ പ്രത്യാഘാതം ഉറപ്പാണ്. ലീഗ് പിളര്‍ന്ന് ഒരുവിഭാഗം ഇടതുപക്ഷത്ത് എത്താനുളള സാധ്യതയും രാഷ്ട്രീയ കേരളത്തിന് ഒരിക്കലും തള്ളിക്കളയാന്‍ കഴിയുന്നതല്ല.

EXPRESS KERALA VIEW

Top