കര്‍ഷകത്തൊഴിലാളി സമരനേതാവ് ഇറ്റിയാനം നിര്യാതയായി

തൃശൂര്‍: കര്‍ഷകത്തൊഴിലാളി സമരനേതാവ് ഇറ്റിയാനം (92) നിര്യാതയായി. അര്‍ഹമായ കൂലിക്കുവേണ്ടി അവകാശപ്പോരാട്ടത്തിനു മുന്നിട്ടിറങ്ങിയ സമര നായികയായിരുന്നു ഇറ്റിയാനം.സംസ്‌കാരം നടത്തി.

സിപിഎം മുക്കാട്ടുകര സൗത്ത് ബ്രാഞ്ചംഗമാണ്. അഞ്ചിലൊന്ന് പതം, പിന്‍പണി സമ്ബ്രദായം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി 1970-72 കാലഘട്ടത്തില്‍ നെല്ലങ്കര മുക്കാട്ടുകര പാടശേഖരങ്ങളില്‍ കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് ഭീകരമര്‍ദ്ദനം അഴിച്ചുവിട്ട് സമരത്തെ തകര്‍ക്കാന്‍ ഭൂഉടമകള്‍ നടത്തിയ കടുത്തശ്രമത്തെ ചെറുക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു ഇറ്റിയാനം. കൈയില്‍ അരിവാളുമായി മര്‍ദ്ദനത്തെ ചെറുത്തു.

അരിവാളില്‍ കൈതട്ടി എസ്ഐയുടെ വിരലിന് മുറിവേറ്റു. എന്നാല്‍ എസ്ഐയെ വെട്ടിയെന്ന് ആരോപിച്ച് കൂട്ടമായെത്തിയ പൊലീസ് ഇറ്റിയാനത്തെ മര്‍ദ്ദിച്ചു. രക്തം വാര്‍ന്ന ഇറ്റിയാനത്തിന് അഞ്ചാം ദിവസമാണ് ബോധം വീണത്.

മുക്കാട്ടുകര മാവിന്‍ചുവട് വടക്കന്‍ പരേതനായ പൈലോതിന്റെ ഭാര്യയാണ്. മക്കള്‍: ബേബി, തങ്കമ്മ, മേരി, സലോമി, പരേതനായ വില്‍സന്‍, ലില്ലി. മരുമക്കള്‍: തങ്കമ്മ, ജോണി, പരേതനായ അഗസ്തി, പരേതനായ ദേവസി, ട്രീസ, രാജന്‍.

Top