സുരേഷ് ഗോപി ചേട്ടാ, ഇത് താങ്കളെ പോലെയൊരാള്‍ക്ക് ചേര്‍ന്നതായില്ല; ഹരീഷ് പേരടി

സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. സുരേഷ് ഗോപിയുടെ പ്രവൃത്തി അദ്ദേഹത്തേപ്പോലൊരാള്‍ക്ക് ചേര്‍ന്നതല്ലെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

“സുരേഷ് ഗോപി ചേട്ടാ…അറിയാതെയാണെങ്കില്‍..ഒരു തവണ തൊട്ടപ്പോള്‍ ആ പെണ്‍കുട്ടിയുടെ ഇഷ്ടക്കേട് അവള്‍ പരസ്യമായി പ്രകടിപ്പിച്ചു…വീണ്ടും അറിഞ്ഞുകൊണ്ട് തൊട്ടത് താങ്കളെ പോലെയൊരാള്‍ക്ക് ചേര്‍ന്നതായില്ല…അപ്പോളും ആ പെണ്‍കുട്ടി കൈ തട്ടിമാറ്റി…മകളെപോലെയാണെങ്കില്‍…മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രിയമായി ശരിയാണ്…ആ ശരി താങ്കള്‍ ചെയ്യുമെന്ന പ്രതീക്ഷയോടെ.. ” എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

കഴിഞ്ഞദിവസം കോഴിക്കോട് വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്. ഇത് വ്യാപകമായ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്. അതേസമയം മാധ്യമപ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തില്‍ ക്ഷമചോദിച്ച് നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി.

മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്.ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം..ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Top