‘പരീക്ഷാസമയത്ത് ആ ടാബ് എടുത്തോണ്ട് പോകുന്നത് നല്ല ഉദ്ദേശത്തിലല്ല’; റെയ്ഡിൽ പ്രതികരിച്ച് പിസി ജോർജ്

ക്രൈംബ്രാഞ്ച് റെയ്ഡിൽ പ്രതികരിച്ച് പിസി ജോർജ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പി സി ജോർജിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നത്. പരീക്ഷാസമയത്ത് കൊച്ചുമക്കൾ പഠിക്കുന്ന ടാബ് കൊണ്ടുപോകണമെന്നാണ് പറയുന്നതെന്നും അത് നല്ല ഉദ്ദേശ്യത്തിനല്ലെന്നും പിസി പ്രതികരിച്ചു. ദിലീപിന്റെ അനിയൻ ഷോൺ ജോർജിനെ വിളിച്ച ഫോൺ 2019ൽ തന്നെ നശിപ്പിച്ചതായി കത്ത് കൊടുത്തതാണെന്നും എന്നിട്ടാണിപ്പോൾ അതിനായി റെയ്ഡ് നടത്തുന്നതെന്നും പിസി പ്രതികരിച്ചു.

“ദിലീപിൻ്റെ അനിയൻ ചാക്കോച്ചനെ (ഷോൺ ജോർജ്) വിളിച്ചു. വിളിച്ച ഫോൺ വേണം. ആ ഫോൺ നശിപ്പിച്ചെന്നും പറഞ്ഞ് അന്ന് ചാക്കോച്ചൻ കത്ത് കൊടുത്തിട്ടുണ്ടായിരുന്നു. ഞാൻ ഇത്രയും നേരം എല്ലാം സഹകരിച്ച് കൂടെനിന്നു. പക്ഷേ, ഇവന്മാര് വന്നുവന്ന് എൻ്റെ കൊച്ചുമക്കൾ പഠിക്കുന്ന ടാബ്, അത് സീൽ ചെയ്ത് മേടിക്കുവാ. പിള്ളേരെങ്ങനെ പഠിക്കും? ഇന്നത്തെക്കാലത്ത് പിള്ളേരെല്ലാം ടാബിലാ. പരീക്ഷാസമയത്ത് ആ ടാബ് എടുത്തോണ്ട് പോകണമെന്ന്. അവന്മാരുടെ സൂക്കേടെന്നാ. നല്ല ഉദ്ദേശ്യമല്ലെന്ന് മനസ്സിലായില്ലേ?”- പിസി ജോർജ് പ്രതികരിച്ചു.

ഇന്ന് രാവിലെ എട്ടരയോടെയാണ് പുഞ്ഞാറിലെ പി.സി ജോർജിന്റെ കുടുംബവീട്ടിൽ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി അമ്മിണിക്കുട്ടൻ തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്. വ്യാജ സ്‌ക്രീൻഷോട്ട് നിർമ്മിച്ച ഫോൺ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

 

Top