its my luck become aami ;manju warrier

manju

തിരൂര്‍: ആമിയായി വേഷമിടാന്‍ സാധിച്ചത് ഭാഗ്യമായിക്കരുതുന്നുവെന്ന് മഞ്ജു വാര്യര്‍.

സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ ആര്‍ജ്ജവം കാണിച്ച സ്ത്രീയാണ് മാധവികുട്ടി കൂടാതെ താന്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണവര്‍.

മാധ്യമം ലിറ്റററി ഫെസ്റ്റിന്റെ സമാപന ദിവസം ഭാഗ്യലക്ഷ്മിയുമായുള്ള സംഭാഷണത്തിനിടെയാണ് ആമി എന്ന സിനിമയെ കുറിച്ച് മഞ്ജു മനസുതുറന്നത്.

ഏതൊരു നടിക്കും ഈ അവസരം സ്വപ്നതുല്യമണ്.ഈ പ്രോജക്ട് ആരംഭിച്ചപ്പോഴും ചര്‍ച്ചകള്‍ നടക്കുമ്പോഴുമൊന്നും താന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല ആമി എന്ന കഥാപാത്രം എന്നിലേക്ക് വരുമെന്ന്. സ്വപ്നത്തില്‍ കൂടി കാണാന്‍ കഴിയാത്ത ഭാഗ്യമാണ് എനിക്ക് ലഭിച്ചത്.

കമലസുരയ്യയെ കുറിച്ച് ആമി എന്ന സിനിമയെടുക്കുന്നു എന്നറിഞ്ഞപ്പോള്‍ നന്നായി എന്നു തോന്നി.വിദ്യാബാലനാണ് ആമിയായി അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോള്‍ നന്നാവും എന്നു തോന്നി. അല്ലാതെ തനിക്ക് കിട്ടിയില്ല എന്ന വിഷമമൊന്നും ഉണ്ടായില്ല. വിദ്യാബാലന്‍ പിന്‍മാറി എന്നറിഞ്ഞപ്പോഴും തന്നെ പരിഗണിക്കുമെന്ന് കരുതിയില്ല. പലരും ഇക്കാര്യം എന്നോടന്വേഷിച്ചു. പിന്നീട് കുറേ കഴിഞ്ഞാണ് സംവിധായകന്‍ കമല്‍ എന്നെ പുതിയ സിനിമയിലേക്ക് വിളിച്ചത്. അപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. ഒരുപാട് സന്തോഷം തോന്നിയെന്നും മഞ്ജു പറഞ്ഞു.

എന്നാല്‍ ഒരു പേടിയുമുണ്ട്. ഇത്രയുമധികം ആളുകള്‍ ഇഷ്ടപ്പെട്ട കഥാപാത്രം ചെയ്യുമ്പോള്‍ ആളുകള്‍ക്ക് ഒരുപാട് പ്രതീക്ഷകളുണ്ടാകും. അതിനോട് നീതിപുലര്‍ത്താന്‍ സാധിക്കണമെന്നതാണ് പ്രാര്‍ഥന. അതിനു വേണ്ട തയാറെടുപ്പുകള്‍ തുടങ്ങുന്നതേയുള്ളു. ലുക്ക്‌സ് ടെസ്റ്റും മറ്റും കഴിഞ്ഞു.

കമലസുരയ്യയുടെ പുസ്തകങ്ങള്‍ വായിച്ചു. സാഹചര്യങ്ങളും മറ്റും മനസിലാക്കാന്‍ ശ്രമിക്കുന്നു. അവരുടെ കുടുംബാംഗങ്ങളുമായി ഇടപഴകാന്‍ സാഹചര്യമുണ്ടാക്കി. കമലസുരയ്യയെ കുറിച്ച് മനസിലാക്കുന്നതിനായി കുറേ വിഡിയോകളും സംവിധായകന്‍ കമല്‍ തന്നിട്ടുണ്ട്.

സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്ന ആക്രമണത്തില്‍ മനസുമടുത്തിട്ടില്ലെന്നും വേഷം ഉപേക്ഷിക്കുന്നതിനെകുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്നും മഞ്ജുവാര്യര്‍ കൂട്ടിച്ചേര്‍ത്തു.

Top