Its India’s turn now, our time has come: PM Modi

ക്വലാലംപൂര്‍: ജനസംഖ്യയല്ല ജനങ്ങളുടെ ആവേശമാണ് വളര്‍ച്ചയിലേക്ക് നയിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ക്വലാലംപൂറില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആസിയാന്‍ രാജ്യങ്ങളുടേതാണെന്ന് മോഡി പറഞ്ഞു.

എല്ലാ മേഖലകളിലേയും മാറ്റമാണ് ഇന്ത്യയുടെ ലക്ഷ്യം. കാര്‍ഷിക രംഗത്തും സാമ്പത്തിക രംഗത്തും നിക്ഷേപങ്ങളിലും മാറ്റങ്ങള്‍ പ്രകടമായി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വികസനത്തിന്റെ പാതയിലാണ്. ആസിയാന്‍ രാജ്യങ്ങള്‍ സാമ്പത്തിക ശക്തികേന്ദ്രങ്ങളാകും.

ഇന്ത്യയും ആസിയാനും സ്വാഭാവിക പങ്കാളികളാണ്. മാറ്റത്തിന് വേണ്ടിയായിരിക്കണം പരിഷ്‌കരണങ്ങള്‍. എന്നെ സംബന്ധിച്ച് പരിഷ്‌കരണം ലക്ഷ്യത്തിലേക്കുള്ള നീണ്ട യാത്രയിലെ ഒരു സ്റ്റേഷന്‍ മാത്രമാണ്. ആ ലക്ഷ്യം എന്നത് ഇന്ത്യയുടെ സമഗ്രമായ മാറ്റമാണ്. പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയെ ആഗോള നിര്‍മ്മാണ ഹബ്ബാക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍. കൂടുതല്‍ നിക്ഷേപം എത്തിക്കുന്നതിനായി സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ രണ്ടാം ഘട്ടം ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യയുടെ പുനരുത്ഥാനത്തിന് ആസിയാന്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവും തങ്ങളുടെ പങ്കുനിര്‍വഹിച്ചു കഴിഞ്ഞു. ഇനി ഇന്ത്യയുടെ അവസരമാണ്. ഞങ്ങള്‍ക്കറിയാം ഞങ്ങളുടെ സമയം ആഗതമായി എന്ന്‌മോഡി പറഞ്ഞു.

രണ്ട് ദിവസത്തെ മലേഷ്യന്‍ സന്ദര്‍ശനത്തിനിടയില്‍ രാജ്യനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ ഇന്ത്യന്‍ വംശജരുടെ പൊതുയോഗത്തേയും മോഡി അഭിസംബോധന ചെയ്യും. സ്വാമി വിവേകാനന്ദന്റെ പ്രതിമയുടെ അനാവരണവും അദ്ദേഹം നിര്‍വഹിക്കും.

Top