9 വര്‍ഷമായി അമ്മയെ കണ്ടിട്ട്; നര്‍ഗീസ് ജയിലില്‍, ഇരട്ടക്കുട്ടികള്‍ നൊബേല്‍ ഏറ്റുവാങ്ങും

സ്റ്റോക്‌ഹോം: ഇന്ന് നൊബേല്‍ സമ്മാനം വിതരണം ചെയ്യാനിരിക്കെ പുരസ്‌കാര ജേതാക്കളില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും- സമാധാനത്തിനുള്ള നൊബേല്‍ പുസ്‌കാരം നേടിയ നര്‍ഗീസ് മുഹമ്മദി. ഇറാനിലെ ജയിലിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകയായ നര്‍ഗീസുള്ളത്. നര്‍ഗീസിനായി മക്കളാണ് പുരസ്‌കാരം ഏറ്റുവാങ്ങുക.

51 വയസ്സുള്ള നര്‍ഗീസിന് ഇതിനകം 31 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചതായി നൊബേല്‍ കമ്മിറ്റി വിലയിരുത്തി. 2021ലാണ് ഏറ്റവും അവസാനമായി തടവിലായത്. ടെഹ്‌റാനിലെ ജയിലിലാണ് നര്‍ഗീസുള്ളത്. സമാധാന നൊബേല്‍ പുരസ്‌കാരം നേടുന്ന പത്തൊമ്പതാമത്തെ വനിതയും രണ്ടാമത്തെ ഇറാനിയന്‍ വനിതയുമാണ് നര്‍ഗീസ്. ഇറാനിലെ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന് എതിരായ പോരാട്ടത്തിന്റെ പേരിലാണ് സമാധാന നൊബേല്‍ പുരസ്‌കാരത്തിനായി നര്‍ഗീസിനെ തെരഞ്ഞെടുത്തത്. പഠന കാലത്തു തന്നെ പരിഷ്‌കരണ ആശയങ്ങളുടെ പേരില്‍ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു നര്‍ഗീസ്.

ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന തന്നെ തല മറയ്ക്കാതെ തന്നെ ആശുപത്രിയില്‍ എത്തിക്കണം എന്നാവശ്യപ്പെട്ട് നവംബറില്‍ നര്‍ഗീസ് ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകനായ താഗി റഹ്‌മാനിയാണ് ഭര്‍ത്താവ്. അദ്ദേഹം 14 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഫ്രാന്‍സിലേക്ക് കുടിയേറി. ഇരുവരുടെയും ഇരട്ടക്കുട്ടികള്‍ അദ്ദേഹത്തിനൊപ്പമാണ്. കഴിഞ്ഞ 9 വര്‍ഷമായി മക്കള്‍ക്ക് അമ്മയെ ഒരുതവണ പോലും കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നെങ്കിലും കാണാന്‍ കഴിയുമെന്ന് മകന്‍ അലി കരുതുമ്പോള്‍ കിയാനയ്ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ട്. നൊബേല്‍ സമ്മാനത്തിലൂടെ ലഭിച്ച പ്രശസ്തി കാരണം അമ്മയുടെ സ്വാതന്ത്ര്യം ഇനിയും വെട്ടിക്കുറക്കപ്പെട്ടേക്കുമെന്ന് കിയാന പറഞ്ഞു.

‘ഒരുപക്ഷേ 30 അല്ലെങ്കില്‍ 40 വര്‍ഷത്തിനുള്ളില്‍ കാണാന്‍ കഴിഞ്ഞേക്കും. ഇല്ലെങ്കില്‍ ഒരിക്കലും കഴിഞ്ഞേക്കില്ല. അതെന്തായാലും അമ്മ എപ്പോഴും എന്റെ ഹൃദയത്തിലും എന്റെ കുടുംബത്തോടൊപ്പവും ഉണ്ടാകും’ – അമ്മയ്ക്കായി പുരസ്‌കാരം സ്വീകരിക്കാനെത്തിയ കിയാന പറഞ്ഞു. അതേ സമയം രണ്ടോ അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ പറ്റിയില്ലെങ്കിലും അമ്മയെ കാണാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം സഹോദരിക്കൊപ്പമുണ്ടായിരുന്ന അലി പ്രകടിപ്പിച്ചു. ‘ഞാന്‍ ഞങ്ങളുടെ വിജയത്തില്‍ വിശ്വസിക്കുന്നു’ എന്നാണ് അലി പറയുന്നു.

Top