വിശാലിന് ആം ആദ്മി പാര്‍ട്ടിയോട് അടുപ്പം, പ്രചരണത്തിന് ഡല്‍ഹി മുഖ്യമന്ത്രി വന്നാല്‍ ?

24740662_2040147626217083_845308643_n

ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ ആര്‍.കെ.നഗര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഡല്‍ഹി മുഖ്യമന്ത്രി കെജ് രിവാള്‍ വരുമോ ?

തനിക്ക് മത്സരിക്കാന്‍ പ്രചോദനമായത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍ ആണെന്ന നടന്‍ വിശാലിന്റെ വെളിപ്പെടുത്തലാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണമായിരിക്കുന്നത്.

ഡിസംബര്‍ 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വിശാല്‍ മത്സരിക്കുന്നതെങ്കിലും നടന്റെ ആം ആദ്മി ആഭിമുഖ്യം കെജ് രിവാളിനെ ആര്‍.കെ.നഗറില്‍ എത്തിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

കമലും രജനിയും ഇറങ്ങാത്ത തിരഞ്ഞെടുപ്പില്‍ സിനിമാരംഗത്ത് നിന്നും വിശാല്‍ ഇറങ്ങിയാല്‍ ചില താരങ്ങള്‍ പ്രചരണത്തിനിറങ്ങുമെന്നും സൂചനയുണ്ട്.

താരസംഘടനയായ നടികര്‍ സംഘം പ്രസിഡന്റ് കൂടിയാണ് യുവനടന്‍ വിശാല്‍.

അണ്ണാ ഡിഎംകെയും ഡി.എംകെയും തമ്മിലാണ് ഇവിടെ പ്രധാന മത്സരം.

ശശികലയുടെ ബന്ധു ടി.ടി.വി ദിനകരനും മത്സര രംഗത്തുണ്ട്.

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വിശാല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹവും തമിഴകത്ത് ശക്തമാണ്.

‘എനിക്ക് ആര്‍കെ നഗറിന്റെ ശബ്ദമാകണം. മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി ജനങ്ങളുടെ പ്രതിനിധി ആകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വിശാല്‍ വ്യക്തമാക്കി.

നിലവിലെ തമിഴകത്തെ സ്ഥിതിയില്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമുമാണ് തന്റെ പ്രചോദനം.

ഞാനിതുവരെ അരവിന്ദ് കെജ്‌രിവാളിനെ പരിചയയപ്പെട്ടിട്ടില്ല. എന്നാല്‍ അദ്ദേഹം ജനങ്ങളുടെ നേതാവാണ്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകാന്‍ താന്‍ ആഗ്രഹിച്ചതല്ലെന്നും എനിക്ക് സാധാരണക്കാരനായാല്‍ മതിയെന്നും ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ വിശാല്‍ പറഞ്ഞു.

‘ഇവിടെ വര്‍ഷങ്ങളായി തുടരുന്ന പല പ്രശ്‌നങ്ങളും അവര്‍ കാണുന്നില്ല, സര്‍ക്കാര്‍ സ്‌കൂളുകളിലെ ശൗചാലയങ്ങളുടെ അവസ്ഥ പരിതാപകരമാണ്, സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ അതിലും ദയനീയമാണ്. ആളുകള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ല, റേഷനുമായി ബന്ധപ്പെട്ട് എപ്പോഴും പരാതികള്‍. ഇത് ആര്‍കെ നഗറിലെ മാത്രം പ്രശ്‌നമല്ല, മറ്റ് ഭരണപ്രദേശങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. ഉപതിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കാന്‍ ഞങ്ങള്‍ക്കാകില്ല, എത്രയും പെട്ടെന്ന് തന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്’ വിശാല്‍ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ക്കെ സിനിമാമേഖലയില്‍ നിന്ന് ഉറച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് താരം പറയുന്നു. ‘പിന്തുണ ആവശ്യപ്പെട്ട് ആരെയും സമീപിക്കില്ല. എന്നാല്‍ സ്വമനസ്സാലെ തന്നെ പിന്തുണയ്ക്കുന്നവരെ സ്വാഗതം ചെയ്യുന്നു,’

ചലച്ചിത്ര താരങ്ങളായ കുശ്ബു, പ്രകാശ് രാജ്, ആര്യ എന്നിവര്‍ തന്റെ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തിയത് ഏറെ സന്തോഷം പകരുന്നുവെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ മാത്രമല്ല പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെയും പ്രസിഡന്റാണ് നിലവില്‍ വിശാല്‍.

ഉലകനായകന്‍ കമല്‍ ഹാസ്സന്റെയും, സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെയും രാഷ്ട്രീയ പ്രവേശനം കാത്തിരുന്ന ഏവരെയും ഞെട്ടിച്ച് ശനിയാഴ്ചയാണ് വിശാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം പുറത്തുവിട്ടത്.



Related posts

Back to top