യാത്രാമൊഴി; കുസാറ്റില്‍ ആല്‍ബിനും അതുലിനും; കോഴിക്കോട് സാറക്ക് അന്ത്യാജ്ഞലിയുമായി മുഖ്യമന്ത്രി

കൊച്ചി/കോഴിക്കോട്: കുസാറ്റ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് പ്രിയപ്പെട്ടവരുടെ യാത്രാമൊഴി. കുസാറ്റ് ക്യാമ്പസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സഹപാഠികളും, അധ്യാപകരും അന്ത്യാജ്ഞലി അര്‍പ്പിച്ചു. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പിയുടേയും പാലക്കാട് സ്വദേശി ആല്‍ബിന്‍ ജോസഫിന്റെയും സംസ്‌കാരം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. അപകടത്തില്‍ മരിച്ച മറ്റൊരു വിദ്യാര്‍ത്ഥിനി സാറാ തോമസിന് നവകേരള സദസ് വേദിയില്‍ നിന്നും താമരശ്ശേരിയിലെ സ്‌കൂളിലെത്തി മുഖ്യമന്ത്രിയും, മന്ത്രിമാരും അന്ത്യാജ്ഞലി അര്‍പ്പിച്ചു. സാറയുടെ സംസ്‌കാരം നാളെ നടക്കും. ചൊവ്വാഴ്ചയാണ് പറവൂര്‍ സ്വദേശിനി ആന്‍ റിഫ്തയുടെ സംസ്‌കാരം.

നാല് പേരും മരിച്ചതും ശ്വാസം മുട്ടിയാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ചികിത്സയിലുള്ള പത്ത് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 24 പേരെ ഡിസ്ചാര്‍ജ് ചെയ്യും.

അതേസമയം, കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വലിയ പരിപാടികള്‍ക്ക് 30 ദിവസം മുമ്പ് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങണമെന്നതടക്കമുള്ള നിയന്ത്രണം ക്യാമ്പസുകളിലും നിലവില്‍ വരുത്താന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കലാലയങ്ങളിലെ ആഘോഷങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കാലോചിതമായി പുതുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top