ഹിന്ദുക്കളെയും, സിഖുകാരെയും ‘ഇറ്റലി’ സ്വീകരിക്കില്ല; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കേന്ദ്രസഹമന്ത്രി

സിഎഎ, എന്‍പിആര്‍ എന്നിവയ്ക്ക് എതിരായി പ്രതിപക്ഷ പാര്‍ട്ടികള്‍ തെറ്റിദ്ധാരണ പരത്തി ആളുകളെ ഇളക്കിവിടുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കും, സിഖുകാര്‍ക്കും മറ്റെവിടെയും പോകാനില്ലെന്നും, അവര്‍ക്ക് പൗരത്വം അനുവദിക്കേണ്ടതുണ്ടെ്‌നും റെഡ്ഡി ചൂണ്ടിക്കാണിച്ചു.

‘അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഇവര്‍ ഇന്ത്യയിലേക്ക് അല്ലാതെ എവിടെ പോകും? ഇറ്റലി ഹിന്ദുക്കളെ സ്വീകരിക്കില്ല, ഇറ്റലി സിഖുകാരെയും സ്വീകരിക്കില്ല. അവര്‍ ദരിദ്രരാണ്, അവര്‍ക്ക് അവിടെയൊന്നും പോകാന്‍ കഴിയില്ല. അവസ്ഥ ഇതാണെന്നിരിക്കെ ഈ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം അനുവദിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്, സമയമാസമയങ്ങളില്‍ നമ്മുടെ നേതാക്കള്‍ ഈ ഉറപ്പ് നല്‍കിയതാണ്’, റെഡ്ഡി വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കളായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും, മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരവും ഉള്‍പ്പെടെയുള്ളവര്‍ ഇതേക്കുറിച്ച് സംസാരിച്ചിട്ടുള്ളതാണ്. പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെയാണ് അവിടെ ഹൈന്ദവരും, സിഖുകാരും എണ്ണത്തില്‍ കുറയുന്നത്, റെഡ്ഡി പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ അവകാശം ലഭിക്കുന്നതായും ആഭ്യന്തര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘സിഎഎ ആര്‍ക്കും എതിരെയല്ല. ഇന്ത്യക്കാരുടെ പൗരത്വത്തെ ബാധിക്കില്ല. ഇന്ത്യയിലെ എല്ലാ മുസ്ലീം, ക്രിസ്ത്യന്‍, സിഖ് മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സിഎഎ അവര്‍ക്ക് എതിരല്ലെന്ന് ഉറപ്പ് നല്‍കുകയാണ്. മുസ്ലീങ്ങളും, മറ്റ് ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെ ഒരു ഇന്ത്യക്കാരന്റെയും പൗരത്വത്തെയും ഇത് ബാധിക്കില്ല’, റെഡ്ഡി വ്യക്തമാക്കി.

Top