വിമാനത്താവളത്തില്‍ കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കണം; കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയില്‍ ഇറ്റലിയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ച് വിമാനത്താവളത്തില്‍ കുടുങ്ങിയ നാല്‍പത് പേരെ തിരിച്ചെത്തിക്കാന്‍ നടപടിവേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ്.

മാര്‍ച്ച് മാസം അഞ്ചാം തിയതി സിവില്‍ ഏവിയേഷന്‍ ഡയറക്ട്രേറ്റ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചാലേ ഇറ്റലിയില്‍ കുടുങ്ങിയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകു എന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടികാട്ടി. ഇറ്റലി, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവരണമെങ്കില്‍ കൊറോണ വൈറസ് ബാധയില്ലെന്ന സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്നായിരുന്നു സര്‍ക്കുലര്‍.

ഈ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതുകാരണമാണ് ഇറ്റലിയില്‍ മലയാളികളടക്കമുള്ളവര്‍ കുടുങ്ങികിടക്കുന്നത്. അതിനാല്‍ സര്‍ക്കുലര്‍ പിന്‍വലിച്ച് ഇറ്റലിയില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് നാട്ടിലെത്താന്‍ വേണ്ട സഹായം ചെയ്യണമെന്നാണ് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ തിരിച്ചെത്തിച്ചാല്‍ വിമാനത്താവളത്തില്‍ തന്നെ പരിശോധനകള്‍ നടത്തി ചികിത്സിക്കാനുള്ള സംവിധാനം രാജ്യത്തുണ്ടെന്നും പിണറായി ചൂണ്ടികാട്ടി.

Top