ഇറ്റാലിയന്‍ സെരി എ ഫുട്‌ബോള്‍; ജേതാക്കളായി യുവന്റസ്

റോം: ഇറ്റാലിയന്‍ സെരി എ ഫുട്ബോളില്‍ തുടര്‍ച്ചയായി ഒമ്പതാമത്തെ സീസണിലും ജേതാക്കളായി യുവന്റസ്. രണ്ടു മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് യുവന്റസ് കിരീടമുറപ്പിച്ചത്. 36ാം റൗണ്ട് മത്സരത്തില്‍ സംഡോറിയയെ യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു. ഇതോടെ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ഇന്റര്‍മിലാനുമായുള്ള ലീഡ് ഏഴ് പോയിന്റാക്കി ഉയര്‍ത്തിയാണ് യുവന്റസ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (45ാം മിനിറ്റ്), ഫെഡറിക്കോ ബെര്‍നാഡെഷി (67) എന്നിവരാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍. നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ റൊണാള്‍ഡോയ്ക്കു തന്റെ രണ്ടാമത്തെയും യുവന്റസിന്റെ മൂന്നാമത്തെയും ഗോള്‍ നേടാന്‍ സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പെനല്‍റ്റി പാഴാക്കുകയായിരുന്നു.

ലീഗിലെ മറ്റു മത്സരങ്ങളില്‍ ബൊളോന 3-2ന് ലെക്കെയെയും ഉഡിനെസ് 1-0നു കാഗ്ലിയാരിയെയും എഎസ് റോമ 2-1നു ഫിയൊറെന്റീനയെയും ലാസിയോ 5-1നു വെറോണയെയും പരാജയപ്പെടുത്തി. ഫ്രഞ്ച് ടീം ലിയോണിനെതിരേ ആഗസ്റ്റ് ഏഴിനാണ് ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ യുവന്റസ് ഏറ്റുമുട്ടുക. ആദ്യപാദത്തില്‍ ലിയോണ്‍ 1-0നു യുവന്റസിനെ തോല്‍പ്പിച്ചിരുന്നു.

Top