കോവിഡ്; ഇറ്റാലിയന്‍ മുന്‍ ഒളിമ്പിക് ഓട്ടക്കാരന്‍ ഡൊണാറ്റോ സാബിയ അന്തരിച്ചു

കോവിഡ് ബാധിച്ച് ഇറ്റാലിയന്‍ മുന്‍ മധ്യദൂര ഓട്ടക്കാരന്‍ ഡൊണാറ്റോ സാബിയ അന്തരിച്ചു. 56 വയസ്സായിരുന്നു. സാബിയയുടെ അച്ഛനും ഏതാനും ദിവസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി സ്വന്തം ദേശമായ തെക്കന്‍ ഇറ്റലിയിലെ ബാസിലിക്കാറ്റയിലെ സാന്‍ കാര്‍ലോയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റിയാണ് സാബിയയുടെ മരണവിവരം പുറത്തുവിട്ടത്.

പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ രണ്ടു തവണ ഒളിമ്പിക് ഫൈനലില്‍ പ്രവേശിച്ച താരമാണ് സാബിയ. കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ ഒളിമ്പ്യനാണ് സാബിയയെന്ന് ഒളിമ്പിക് കമ്മിറ്റി പറഞ്ഞു.

സാബിയ 1984 ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സിലും 88 സോള്‍ ഒളിമ്പിക്‌സിലും 800 മീറ്റര്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ലോസ് ആഞ്ജലീസില്‍ അഞ്ചാമതും സോളില്‍ ഏഴാമതുമായാണ് ഫിനിഷ് ചെയ്തത്.

1984 യൂറോപ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതേ ഇനത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

Top