കൊറോണ മറ്റുള്ളവര്‍ക്ക് പകര്‍ന്നെന്ന് ഭയം; പോസിറ്റീവായ നഴ്‌സ് ജീവനൊടുക്കി

കൊറോണാവൈറസ് ബാധിതയായ നഴ്‌സ് ആത്മഹത്യ ചെയ്തു. താന്‍ അബദ്ധത്തില്‍ മറ്റുള്ളവര്‍ക്ക് വൈറസ് കൈമാറിയെന്ന ആശങ്കയിലാണ് ഇറ്റലിയിലെ നഴ്‌സ് ജീവനൊടുക്കിയതെന്ന് നഴ്‌സിംഗ് ഫെഡറേഷന്‍ വ്യക്തമാക്കി. ഇറ്റലിയില്‍ ഏറ്റവും മോശമായ രീതിയില്‍ വൈറസ് ആഞ്ഞടിച്ച ലൊംബാര്‍ഡി മേഖലയിലെ പ്രതിസന്ധി നേരിടുന്ന ആശുപത്രിയിലാണ് 34കാരിയായ ഡാനിയേലാ ട്രെസ്സി ജോലി ചെയ്തിരുന്നത്.

നഴ്‌സിന്റെ മരണം ഇറ്റലിയിലെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് നഴ്‌സ് സ്ഥിരീകരിച്ചു. കനത്ത സമ്മര്‍ദത്തില്‍ ജോലി ചെയ്യുന്നതിന് ഇടയില്‍ താന്‍ വൈറസ് മറ്റുള്ളവരിലേക്ക് പകര്‍ത്തിയെന്ന ഭയത്തിലായിരുന്നു ട്രെസ്സിയെന്ന് ഫെഡറേഷന്‍ പറഞ്ഞു. ഇറ്റലിയിലെ മരണസംഖ്യയില്‍ 743 പേര്‍ കൂടി ചേര്‍ന്ന സാഹചര്യത്തിലാണ് ഈ വേദന ഉളവാക്കുന്ന വാര്‍ത്ത പുറത്തുവന്നത്. മരണസംഖ്യ ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണെങ്കിലും രാജ്യത്ത് ആകെ ഇന്‍ഫെക്ഷനുകളുടെ എണ്ണത്തില്‍ 8 ശതമാനം വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായത്.

ഫെബ്രുവരി 21ന് ഇറ്റലിയില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇന്‍ഫെക്ഷനുകളാണിത്. മൊന്‍സയിലെ സാന്‍ ജെറാര്‍ഡോ ഹോസ്പിറ്റലിലാണ് ഡാനിയേലാ ട്രെസ്സി ജോലി ചെയ്തിരുന്നത്. അത്യാഹിത വിഭാഗത്തിലായിരുന്നു ഇവരുടെ ഡ്യൂട്ടി. എന്നാല്‍ കൊറോണാ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ട്രെസ്സി ക്വാറന്റൈനിലേക്ക് മാറിയിരുന്നു. പിന്നാലെ പരിശോധനയില്‍ ഇവര്‍ പോസിറ്റീവായി സ്ഥിരീകരിക്കുകയും ചെയ്തു.

‘നല്ലൊരു ലക്ഷ്യത്തോടെയാണ് ഈ പ്രൊഫഷന്‍ തെരഞ്ഞെടുത്തത്. എന്നാല്‍ ഇതിന് ഒരു മോശം വശവുമുണ്ട്, ഞങ്ങള്‍ നഴ്‌സുമാരാണ്. ഇവര്‍ നേരിടുന്ന സമ്മര്‍ഗവും, സാഹചര്യങ്ങളും പ്രൊഫഷന്റെ ഭാഗമാണ്’, ഫെഡറേഷന്‍ വ്യക്തമാക്കി. മാര്‍ച്ച് 30 മുതല്‍ ട്രെസ്സി വീട്ടില്‍ കഴിഞ്ഞ് വരികയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. മരണത്തില്‍ അന്വേഷണം നടത്തുമെന്ന് ജുഡീഷ്യല്‍ അധികൃതര്‍ വ്യക്തമാക്കി. ഇറ്റലിയില്‍ 5760 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ഇന്‍ഫെക്ഷന്‍ പിടിപെട്ടതായാണ് കണക്ക്.

Top