ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോള്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് കളത്തിലിറങ്ങും

ടൂറിന്‍: ബലാത്സംഗപരാതിയില്‍ അന്വേഷണം നേരിടുന്നതിനിടെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് കളത്തില്‍. ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ യുവന്റസിനായി ഇന്ന് റൊണാള്‍ഡോ കളിക്കുമെന്ന് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി പറഞ്ഞു. യുഡിനീസാണ് എതിരാളികള്‍.

വിവാദങ്ങള്‍ റൊണാള്‍ഡോയെ ബാധിക്കുന്നില്ലെന്നും , സൂപ്പര്‍ താരം ശാന്തനാണെന്നും അല്ലെഗ്രി പറഞ്ഞു. ചാംപ്യന്‍സ് ലീഗില്‍ യംങ് ബോയ്‌സിനെതിരായ കഴിഞ്ഞ മത്സരം സസ്‌പെന്‍ഷന്‍ കാരണം റൊണാള്‍ഡോയ്ക്ക് നഷ്ടമായിരുന്നു.

റൊണാള്‍ഡോയെ കുറിച്ച് ഉയര്‍ന്ന ആരോപണം ആശങ്കയുണര്‍ത്തുന്നതാണെന്ന് സ്‌പോണ്‍സര്‍മാര്‍ പ്രതികരിച്ചതിന് പിന്നാലെയാണ് താരം മത്സരത്തിനിറങ്ങുന്നത്. അതേസമയം സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ഇന്നിറങ്ങും. അലാവസ് ആണ് എതിരാളികള്‍ അതേസമയം സംഭവത്തില്‍ ക്രിസ്റ്റ്യാനോയുടെ സ്‌പോണ്‍സര്‍മാരായ നൈക്കി ആശങ്ക അറിയിച്ചു. ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്ന് ഇവര്‍ പ്രതികരിച്ചു.

ക്രിസ്റ്റ്യാനോ ജീവിതത്തിലും കളത്തിലും ഒരു ചാമ്പ്യനാണെന്നും അദ്ദേഹത്തിന് ഒപ്പമാണ് തങ്ങളുടെ നിലപാട് എന്നും ക്രിസ്റ്റ്യാനോയുടെ ക്ലബ്ബായ യുവന്റസ് പ്രതികരിച്ചു.

കാതറിന്‍ മയോര്‍ഗയെന്ന 34 കാരിയാണ് റൊണാള്‍ഡോയ്‌ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. 2009ല്‍ ലാസ് വെഗാസില്‍ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്നായിരുന്നു ഇവരുടെ ആരോപണം.
അതേസമയം റൊണാള്‍ഡോ യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും യുവതിയുടെ സമ്മതത്തോട് കൂടി തന്നെയാണ് എല്ലാം നടന്നതെന്നുമായിരുന്നു റൊണാള്‍ഡോയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഈ വാദത്തെ ഖണ്ഡിക്കുന്ന രേഖ യുവതിയുടെ അഭിഭാഷകന്‍ ഹാജരാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ വലിയ വിവാദത്തിന് വഴിവെച്ചതോടെ നവംബര്‍ വരെ തന്നെ ദേശീയ ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് റൊണാള്‍ഡോ തന്നെ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫെര്‍ണാണ്ടോ ഗോമസിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റൊണാള്‍ഡോ പോളണ്ടിനെതിരെയും സ്‌കോട്ട്‌ലന്‍ഡിനെതിരെയുമുള്ള മത്സരങ്ങളില്‍ ടീമിലുണ്ടാവില്ലെന്ന് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് സ്ഥിരീകരിച്ചിട്ടുമുണ്ട്. തനിക്ക് ദേശീയ ടീമിനോടുള്ള പ്രതിജ്ഞാബദ്ധതയില്ലായ്മയാണ് അഭാവത്തിന് കാരണമെന്ന് കരുതരുതെന്നും റൊണാള്‍ഡോ പരിശീലകനോട് വിശദീകരിച്ചിട്ടുണ്ട്.

Top