കൃത്രിമ കയ്യുമായി വാക്‌സിനെടുക്കാന്‍ വന്നയാളെ കയ്യോടെ പിടികൂടി നഴ്‌സ്

മിലാന്‍: ഇറ്റലിയിലെ ബിയെല്ലയിലെ ആശുപത്രിയില്‍ നഴ്‌സായ ഫിലിപ വന്‍ തട്ടിപ്പ് കണ്ടെത്തിയിരിക്കുകയാണ്. വാക്‌സിനെടുക്കാന്‍ എത്തിയ റുസ്സോ എന്ന ആളുടെ ഉടുപ്പിന്റെ കൈ ചുരുട്ടി മുകളിലേക്കു വച്ചതും, അവര്‍ ഒന്നു ഞെട്ടി. കയ്യിലെ ചര്‍മം തണുത്തു റബര്‍ പോലെ. നന്നേ വിളറിയ നിറവും.

ഫിലിപ കണ്ണുരുട്ടിയൊന്നു നോക്കിയപ്പോള്‍ റുസ്സോ കെഞ്ചി ‘പൊന്നു സഹോദരീ, ഇതാരോടും പറയല്ലേ, യഥാര്‍ഥ കൈ ഇതിന്റെ അടിയിലാണ്. ഈ കാണുന്ന സിലിക്കണ്‍ പ്രോസ്‌തെറ്റിക്കില്‍ കുത്തിവച്ച് എന്നെ ഒരു വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹനാക്കിയാലും’ എന്നു പറഞ്ഞു. പക്ഷേ, ഫിലിപ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ഡെന്റിസ്റ്റ് കൂടിയായ റുസ്സോ (57) അറസ്റ്റിലായി. ക്രിമിനല്‍ കുറ്റം ചുമത്തിയേക്കും.

വാക്‌സീന്‍ വിരോധിയായതു മൂലം കുത്തിവയ്‌പെടുക്കാതിരുന്ന ഇദ്ദേഹത്തെ നേരത്തേ ജോലിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇറ്റലിയിലെ റസ്റ്ററന്റിലും തിയറ്ററിലുമെല്ലാം പ്രവേശനത്തിന് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും കൂടി ചെയ്തതോടെയാണ് റുസ്സോ അല്‍പം കടന്ന ‘കൈ’ പ്രയോഗിച്ചത്.

Top