പാകിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്താലും അത്ഭുതപ്പെടില്ല; തസ്ലീമ നസ്റിൻ

ദില്ലി: ഒരിക്കൽ താലിബാൻ പാകിസ്ഥാന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ലെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ പറഞ്ഞു. കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണ് തസ്ലീമയുടെ പ്രതികരണം. തെഹ്‌രീക്-ഇ-താലിബാന്റെ സായുധരായ അഞ്ച് തീവ്രവാദികൾ ഉൾപ്പെടെ ഒമ്പത് പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

ഐഎസിന്റെ ആവശ്യമില്ല, പാകിസ്ഥാനെ തകർക്കാൻ പാകിസ്ഥാൻ താലിബാൻ തന്നെ ധാരാളമാണ്. എന്നെങ്കിലും താലിബാൻ പാകിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്താലും ഞാൻ അത്ഭുതപ്പെടാനില്ല തസ്ലീമ നസ്റിൻ ട്വീറ്റ് ചെയ്തു. ഇസ്ലാമിക വിരുദ്ധ നിലപാടുകൾ ആരോപിക്കപ്പെട്ടതിനെ തുടർന്ന് മതമൗലികവാദികളുടെ വധഭീഷണി നേരിടേണ്ടി വന്ന തസ്ലീമയ്ക്ക് 1994ൽ ബംഗ്ലാദേശ് വിടേണ്ടി വന്നിരുന്നു. അന്നുമുതൽ അവർ പ്രവാസ ജീവിതം നയിക്കുകയാണ്.

വെള്ളിയാഴ്ച പാകിസ്ഥാൻ സമയം വൈകീട്ട് ഏഴ് മണിയോടെയാണ് ഷെരിയാ ഫൈസൽ റോഡിലുള്ള കറാച്ചി പൊലീസ് ആസ്ഥാനത്തേക്ക് ഇരച്ച് കയറിയ ഭീകരർ, ഗ്രനേഡാക്രമണം നടത്തുകയും തുരുതുരാ വെടിയുതിർക്കുകയും ചെയ്തത്. കറാച്ചി പൊലീസിന്റെ യൂണിഫോം ധരിച്ചാണ് ഭീകരർ എത്തിയതെന്നാണ് വിവരം. 2021 ഓഗസ്റ്റിൽ അയൽരാജ്യമായ അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം, പാകിസ്ഥാന്റെ വടക്ക്, പടിഞ്ഞാറ് ഭാഗത്തുള്ള സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ ലക്ഷ്യമിട്ടുള്ള ഭീകരവാദം ക്രമേണ വർദ്ധിച്ചു വരികയാണ്. അഫ്ഗാൻ താലിബാനുമായി ആശയം പങ്കിടുന്ന സംഘടനയാണ് പാകിസ്ഥാൻ തെഹ്‌രീക്-ഇ-താലിബാൻ. ജനുവരിയിൽ പെഷവാറിലെ പൊലീസ് കോമ്പൗണ്ടിനുള്ളിലെ പള്ളിയിൽ 80 ലധികം ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സ്‌ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ താലിബാന്റെ ഒരു അനുബന്ധ സംഘടനയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു. പൊലീസുകാരെ ലക്ഷ്യമിട്ടാണ് ഭീകരരുടെ പ്രവർത്തനമെന്നും ആരോപണം ഉയർന്നിരുന്നു.

Top