“വാക്‌സിന്‍ ചലഞ്ച് നേതാക്കളുടെ അക്കൗണ്ടിലെത്താതിരുന്നാൽ നല്ലത്”-മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന വാക്‌സിന്‍ ചാലഞ്ച് കൊള്ളാമെന്നും എന്നാല്‍ പണം പ്രളയഫണ്ട് പോലെ സിപിഎം നേതാക്കളുടേയും ബന്ധുക്കളുടേയും അക്കൗണ്ടില്‍ എത്തില്ലെന്ന് ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“കോവിഡ് മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ക്കു മുപയോഗിക്കുന്നത് തുടരുകയാണ് സിപിഎം. സൗജന്യവാക്‌സിന്‍ കേന്ദ്രം പൂര്‍ണമായി അവസാനിപ്പിച്ചു എന്ന വ്യാജപ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇന്നലെയെത്തിയ ആറരലക്ഷം ഡോസ് അടക്കം 70 ലക്ഷം ഡോസ് വാക്‌സിന്‍ സൗജന്യമായി ലഭിച്ച സംസ്ഥാനത്താണ് ഈ കള്ളക്കഥ പാടിനടക്കുന്നത്.

വികസിപ്പിച്ചെടുത്തിട്ട് ആറു മാസം പോലുമാകാത്ത കോവിഡ് വാക്‌സിന്റെ ഉല്‍പ്പാദനവും വിതരണവും 130 കോടി ജനങ്ങളിലും ഒറ്റയടിക്ക് സൗജന്യമായി എത്തുന്ന തരത്തിലാവണം എന്നു പറയുന്നതിന്റെ ശാസ്ത്രീയത എന്താണ്…? ശതകോടീശ്വരന്‍മാരും ലക്ഷാധിപതികളും അഞ്ചക്കശമ്പളക്കാരും നിരവധിയുള്ള രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യം വേണം എന്ന് വാശിപിടിക്കുന്നത് ദരിദ്രജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്.

വാക്‌സിന്‍ വിതരണത്തില്‍ നിന്ന് കേന്ദ്രം പൂര്‍ണമായും പിന്‍മാറിയെന്ന വ്യാജപ്രതീതി സൃഷ്ടിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസും.”-മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Top