സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കും; ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ന് മുതല്‍ മഴ കനക്കും. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദവും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ കാലവര്‍ഷം കനക്കാന്‍ കാരണമാകുക. ഇത് പ്രകാരം ഇന്ന് കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി ജില്ലയിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്. സംസ്ഥാനത്ത് 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

കേരള – കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

Top